Tue. Nov 5th, 2024

ഉഡുപ്പി: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കുന്നതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഉഡുപ്പിയിലെ കുന്ദാപൂരിലുള്ള ബന്ധാര്‍ക്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇന്ന് നാല്പതോളം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചെത്തി. കോളേജിനകത്തേക്ക് ഹിജാബ് ധരിച്ച് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. ഇതിനെതിരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജിന് പുറത്തു പ്രതിഷേധിക്കുകയായിരുന്നു. 

എന്നാൽ സ്‌കാഫ് ധരിച്ച് പെണ്‍കുട്ടികള്‍ക്ക് കോളജില്‍ വരാമെന്നും, സ്‌കാഫ് യൂണിഫോമുമായി യോജിക്കുന്ന നിറമാകണമെന്നു മാത്രമേ കോളജ് മാനേജ്‌മെന്റ് പുറത്തിറക്കിയ മാന്വലില്‍ പറയുന്നുള്ളു. പക്ഷെ മറ്റു വസ്ത്രങ്ങൾ ധരിച്ച് ക്യാന്റീന്‍ ഉള്‍പ്പെടെയുള്ള കോളജിനുള്ളിലെ സ്ഥലങ്ങളില്‍ പ്രവേശിക്കരുതെന്നുമുണ്ട്. 

ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്  കോളേജിലെ  നാല്പതോളം ആണ്‍കുട്ടികളും വിഷയത്തിൽ പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാനത്തെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ വിലക്കിയിരുന്നു. കർണാടകയിലെ മറ്റൊരു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ആറ് മണിക്കൂറോളം പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു.