Wed. Jan 22nd, 2025
Saeed Naqvi- The Muslim Vanishes
ന്യൂസ് ചാനലിന്റെ പ്രകാശഭരിതമായ സ്റ്റുഡിയോ ഒരു ബ്രേക്കിംഗ് സ്റ്റോറിയുടെ ഇൻഡെപ്ത് ഷോ നടത്താനായി തയ്യാറായിരിക്കുന്നു. പ്രൈം ടൈം അവതാരകരായ ബ്രിജേഷും ആനന്ദും പരസ്പരം എട്ടടി അകലത്തിൽ ഇരിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ ചാനലിന്റെ പേര് തിരിച്ചറിയുന്ന ഒരു ഡിസ്പ്ലേ പാനൽ ഉണ്ട് – ഇൻസൈറ്റ് ടുഡേ ടിവി. ലാപ്ടോപ്പ്, മൈക്ക് തുടങ്ങി സാധാരണയായി ഒരു ടിവി സ്റ്റുഡിയോയിൽ കാണുന്ന സാമഗ്രികൾ അവരുടെ മുന്പിലായുണ്ട്. സീൻ തുടങ്ങുമ്പോൾ അവതാരകർ അവരുടെ ലാപ്‌ടോപ്പ് സ്‌ക്രീനുകളിൽ വന്നുകൊണ്ടിരിക്കുന്ന ന്യൂസ് ഇൻപുട്ടുകൾ പ്രോസസ്സ് ചെയ്യുകയാണ്. നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരനായ ഒരു മാധ്യമപ്രവർത്തകൻ പുതിയ വാർത്തയുമായി അവിടേക്ക് തിരക്കിട്ടു വരുന്നു. അയാൾ ഒരേസമയം അസ്വസ്ഥനും ആവേശഭരിതനും ആശയക്കുഴപ്പത്തിലുമായിരുന്നു.

മാധ്യമപ്രവർത്തകൻ: (കിതച്ചുകൊണ്ട്) ദൈവമേ! അവർ പോയി! അവർ…അവർ അതും കൂടെ കൊണ്ട് പോയി… അത് അപ്രത്യക്ഷമായി… ഇത് വലിയ കാര്യമാണ് ! നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്തയാണ്. 

ആനന്ദ് (പരുഷമായി): താൻ ശ്വാസമെടുക്കൂ… (കുറച്ച് നിമിഷത്തിനു ശേഷം) ആര് പോയി? 

മാധ്യമപ്രവർത്തകൻ: നഗരത്തിൽ ഒരാള് പോലും അവശേഷിക്കുന്നിലെന്നാണ് റിപ്പോർട്ടർമാർ പറയുന്നത്. ഒരാളല്ല. എല്ലാവരും പോയി. ഓരോ ആളുകളും… (സാഹചര്യത്തിന്റെ ഗൗരവം ഓർത്ത് അവന്റെ ശബ്ദം കുറഞ്ഞുവന്നു.)

ആനന്ദ്: എടോ, പക്ഷേ ആരാണെന്ന് പറയൂ? അവരെങ്ങോട്ടാണ് പോയത്? വെറുതെ കടങ്കഥ പറയല്ലേ. ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും അപ്രത്യക്ഷ്യമായതിനെ കുറിച്ച് എവിടെയും ഒന്നുമില്ല. 

മാധ്യമപ്രവർത്തകൻ: സാർ, എന്നെ വിശ്വസിക്കൂ, അവർ ഓരോരുത്തരും ഇവിടെ നിന്നും പോയി. എവിടേക്കാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഇതൊരു മാജിക്ക് ആവാം സാർ, അല്ലെങ്കിൽ ദുർമന്ത്രവാദം. 

ആനന്ദ് (പ്രകോപിതനായി): നിങ്ങൾ ആദ്യം പറഞ്ഞു ‘അത്’ പോയെന്ന്. ഇപ്പോൾ നിങ്ങൾ പറയുന്നു അവർ പോയെന്ന്. ഒരു ആട് അപ്രത്യക്ഷ്യമാവാം. ഒരു വധു അപ്രത്യക്ഷ്യമാവാം. പക്ഷികൾ അപ്രത്യക്ഷ്യമാവാം. (ശബ്ദം ഉയർത്തികൊണ്ട്) എന്താണ് പോയത്? ആരാണ് പോയത്? ഞങ്ങളെ കുഴപ്പിക്കരുത്. 

മാധ്യമപ്രവർത്തകൻ (ഭയവും ഉത്കണ്ഠയും മൂലം സംസാരിക്കാനാവാതെ): എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഇതൊരു…വളരെ അവിശ്വസനീയമാണ്. സർ, അവിടെ ഒരാൾ പോലും ബാക്കിയില്ല. ഞാൻ ഉദേശിച്ചത് മുസ്ലിങ്ങളെയാണ്. മുസ്ലിങ്ങൾ എല്ലാവരും പോയി. ചില ആളുകൾ പറയുന്നത് കുത്തബ് മീനാറും അവർ കൂടെ കൊണ്ട് പോയെന്നാണ്. 

ആദ്യത്തെയാളുടെ മേലുദ്യോഗസ്ഥർ എന്ന് തോന്നുന്ന, കണ്ണട ധരിച്ച തടിച്ച ശരീര പ്രകൃതമുള്ള രണ്ടാമത്തെ മാധ്യമപ്രവർത്തകൻ കടന്നുവരികയും, ചർച്ചയിൽ ഭാഗമാവുകയും ചെയ്യുന്നു. 

രണ്ടാമത്തെ മാധ്യമപ്രവർത്തകൻ: എവിടേക്കാണ് മുസ്ലിങ്ങൾ പോയതെന്ന് സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും വിവരം ലഭിച്ചോ? 

ഒന്നാമത്തെ മാധ്യമപ്രവർത്തകൻ: ആർക്കും അറിയില്ല. എനിക്കും അറിയില്ല. ഔദ്യോഗികമായ ഒരു വിവരവും വന്നിട്ടില്ല. 

ആനന്ദ് (അദ്ദേഹത്തിന്റെ ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കികൊണ്ട്): ഇത് സംബന്ധിച്ച് ചില പരാമർശങ്ങൾ പുറത്തുവരുന്നുണ്ട്. പിടിഐ ഒരു ടേക്ക് എടുത്തിട്ടുണ്ട്. പക്ഷേ വിശദാംശങ്ങൾ ഇല്ല. 

രണ്ടാമത്തെ മാധ്യമപ്രവർത്തകൻ (ഒന്നാമത്തെ മാധ്യമപ്രവർത്തകനോട്): അവരെല്ലാവരും പോയെന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്? എന്താണ് നിങ്ങളുടെ സ്രോതസ്സ്? 

ഒന്നാമത്തെ മാധ്യമപ്രവർത്തകൻ: ഖാലിൽ ദർസിയുടെ ഷോപ്പ് അടച്ചതായി നമ്മുടെ ഒരു റിപ്പോർട്ടർ വിശ്വസനീയമായി മനസിലാക്കിയിട്ടുണ്ട്. കൂടാതെ സലാരു സലൂൺ, അസ്ഗർ അലിയുടെ സുഗന്ധവസ്‌തുക്കള്‍ വിൽക്കുന്ന കട, മുഹമ്മദ് സിദ്ദിഖിന്റെ പുകയില വ്യപാരം എന്നിവയും അടച്ചിട്ടുണ്ട്. ലക്‌നൗവിലെ നഖാസിലും അമിനാബാദിലും എല്ലാ മുസ്ലിം വീടുകളും ശൂന്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. എല്ലാ മുസ്ലിങ്ങളും, അവരുടേതായ എല്ലാം കാര്യങ്ങളും അപ്രത്യക്ഷ്യമായി. 

രണ്ടാമത്തെ മാധ്യമപ്രവർത്തകൻ (ഏതോ നമ്പർ മൊബൈൽ ഫോണിൽ അടിച്ച്, അതിലേക്ക് വിളിച്ചു സംസാരിച്ചുകൊണ്ട്): നമ്മുടെ നിയമ കറസ്പോണ്ടന്റ് സുമിർ ലാലിനോട് കോടതികൾ പരിശോധിക്കാൻ പറയൂ. റഹ്മാനി സഹോദരങ്ങൾക്കെതിരെയുള്ള തീവ്രവാദ കേസിന്റെ വിചാരണ ഇപ്പോഴും നടക്കുന്നുണ്ടോയെന്ന് അയാൾക്ക് കണ്ടെത്താൻ കഴിയും. 

ഒന്നാമത്തെ മാധ്യമപ്രവർത്തകൻ: സുമിറിനോട് ഞാൻ ആദ്യമേ ചോദിച്ചു…(അയാളുടെ മൊബൈൽ ഫോൺ ശബ്‌ദിക്കുന്നു) ആഹ്, അവൻ ഒരു സന്ദേശം അയച്ചിട്ടുണ്ട്. (തന്റെ മൊബൈലിലേക്ക് നോക്കികൊണ്ട്) വിചാരണ രാവിലെ മുതൽ നടന്നുകൊണ്ടിരിക്കുകയാണ്. 

ആനന്ദ്: പക്ഷെ നിങ്ങൾ അല്ലെ ഇപ്പോൾ എല്ലാ മുസ്ലിങ്ങളും പോയെന്ന് പറഞ്ഞത്. പിന്നെ എങ്ങനെയാണ് ഈ സഹോദരങ്ങളെ മാത്രം കോടതി പിടിച്ചു വെച്ചിരിക്കുന്നത്? മറ്റെല്ലാവരും അപ്രത്യക്ഷ്യരായപ്പോൾ അവർ മാത്രമെങ്ങനെയാണ് ഇവിടെ കഴിയുന്നത്? നിങ്ങളുടെ ഈ വലിയ വാർത്ത വസ്തുനിഷ്ഠമാണോ? അല്ലെങ്കിൽ വാട്സ്ആപ്പിൽ നിന്നും കണ്ടെത്തിയ വിഡ്ഢിത്തമാണോ? 

ബ്രജേഷ് (അവസാനം ചർച്ചയിലേക്ക് കടന്നുകൊണ്ട്): നോക്കൂ, നമുക്ക് പെട്ടെന്നൊരു നിഗമനത്തിലെത്താൻ കഴിയില്ല. ഒരു പക്ഷെ എല്ലാ മുസ്ലീങ്ങളും പോയിട്ടുണ്ടാവില്ല. നമ്മൾ ഇതുപോലെ സാമാന്യവൽക്കരിക്കുകയാണെങ്കിൽ, തെറ്റായ വിവരം നൽകിയതിന് നമ്മൾ കുറ്റക്കാരാകും. നമുക്ക് ഔദ്യോഗികമായ വിശദീകരണം ലഭിക്കുന്നത് വരെ കാത്തുനിൽക്കാം. ഇതിനിടെ നമ്മുടെ ന്യൂസ് ബുള്ളറ്റിനിൽ നമുക്ക് സ്റ്റോറി പുറത്തുവിടാം. മറ്റു ചാനലുകൾ ഈ വാർത്ത കൊടുക്കുന്നതിനാൽ നമുക്ക് പൂർണമായും ഒഴിവാക്കാൻ കഴിയില്ല. എനിക്ക് തോന്നുന്നു രണ്ടാമത്തെ സ്റ്റുഡിയോയിൽ അര്ച്ചന വാർത്ത വായിക്കുന്നുണ്ട്, അവളോട് പോയി നിരവധി മുസ്ലിങ്ങൾ ഡൽഹിയിൽ നിന്നും കാണാതാവുന്നെന്ന അപവാദം പ്രചാരിക്കുന്നതായി വാർത്ത നൽകാൻ പറയൂ. 

ഒന്നാമത്തെ മാധ്യമപ്രവർത്തകൻ (ഇടയ്ക്ക് കയറി): സാർ, നോക്കൂ, ആനന്ദ് സാർ ആരോപിക്കുന്നത് പോലെ ഞാൻ വാട്സാപ്പ് ഫോർവേഡുകൾ പ്രകാരമല്ല പറയുന്നത്. പകരം നമ്മുടെ റിപ്പോര്ട്ടര്മാരിൽ നിന്നുള്ള വിവരം അനുസരിച്ചാണ്. ഇങ്ങോട്ട് വരുന്ന ട്രെയിനുകളിൽ ഒരു മുസ്ലിം യാത്രക്കാരുമില്ലെന്ന് എന്റെ മൊബൈലിൽ വാർത്തകൾ വരുന്നുണ്ട്. എല്ലായ്പ്പോഴും നമ്മുക്ക് വിശ്വസിക്കാനാവുന്നതല്ല എന്നറിയാമെങ്കിലും ഇന്റലിജിൻസ് വിഭാഗവും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വളരെ ആശ്ചര്യകരവും അസാധാരണവുമാണ്. എങ്ങനെയാണ് ഇതുപോലൊരു കഥ ആർക്കെങ്കിലും ഉണ്ടാക്കാനാവുക? 

ആനന്ദ്: കോടതികൾ പരിശോധിക്കുക. വിചാരണ റിപ്പോർട്ട് ചെയ്യുന്ന ആരെങ്കിലുമായി ബന്ധപ്പെടാൻ ശ്രമിക്കുക. കുറ്റം ചുമത്തപ്പെട്ട മുസ്ലിങ്ങളെ രക്ഷപ്പെടുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ടോ? അവരെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടോ? 

ഒന്നാമത്തെ പത്രപ്രവർത്തകൻ (ഗൗരവത്തോടെ മനസിലുള്ളത് പറയുന്നു): ഒരുപക്ഷെ എല്ലാ കൊലയാളികളെയും പോക്കറ്റടിക്കാരെയും ബലാത്സംഗക്കാരെയും കള്ളന്മാരെയും സൗകര്യപൂർവ്വം അപ്രത്യക്ഷരായവർ ഉപേക്ഷിച്ചതായിരിക്കാം – ആരോ നടത്തിയ തന്നിഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പ്.

രണ്ടാമത്തെ പത്രപ്രവർത്തകൻ (അദ്ദേഹത്തെ പെട്ടെന്ന് തടസ്സപ്പെടുത്തി): ഇത് നിങ്ങളുടെ തമാശകൾക്കുള്ള സമയമല്ല. ഇത് ശരിയാണെങ്കിൽ, ഇത് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ളതാണ്. തിഹാർ ജയിലിലുള്ള നിങ്ങൾക്ക് അടുപ്പമുള്ളവരെ വിളിക്കുക. മുസ്ലീം കുറ്റവാളികൾ ഇപ്പോഴും അവരുടെ സെല്ലുകളിൽ ഉണ്ടോ എന്ന് അന്വേഷിക്കുക.

ഒന്നാമത്തെ പത്രപ്രവർത്തകൻ (തിഹാർ ജയിലിൽ വിളിച്ച് അവന്റെ ഫോൺ സ്പീക്കറിൽ വയ്ക്കുന്നു): ഞാൻ ടുഡേ ഇൻസൈറ്റിൽ നിന്നാണ് വിളിക്കുന്നത്. താങ്കൾ വാർഡനാണോ?

വാർഡൻ (സ്പീക്കർ ഫോണിൽ): അതെ, സർ, എനിക്ക് നിങ്ങളുടെ ശബ്ദം മനസിലായി. രാവിലെ മുഴുവൻ എനിക്ക് നിർത്താതെ ഫോണുകളായിരുന്നു. ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഈ ഫോൺ തീർത്തും റെക്കോർഡ് അല്ലെന്ന് വ്യക്തമാക്കട്ടെ. എനിക്ക് നിങ്ങളെ വിശ്വസമുള്ളതിനാലും നിങ്ങളുടെ എഡിറ്റർ എന്റെ പഴയ സുഹൃത്തായതിനാലും മാത്രമാണ് ഞാൻ നിങ്ങളോട് ഈ കാര്യങ്ങൾ  പറയുന്നത്.

ഒന്നാമത്തെ പത്രപ്രവർത്തകൻ: അതെ, സർ, എനിക്ക് മനസ്സിലായി.

വാർഡൻ: സത്യം…അവരെല്ലാം പോയി – എല്ലാ മുസ്ലീം കുറ്റവാളികളും. വെറുതെ അപ്രത്യക്ഷമായി. അവർ കുഴിച്ചിട്ടു പോലും…[ഇടവേള] – ദയവായി എന്നെ ഇതിൽ ഉദ്ധരിക്കരുത് – തീവ്രവാദി ഗുരുവിന്റെ ശവക്കുഴി. അവർ ഭൂമിയെ പുറത്തെടുത്ത് അസ്ഥികൂടം എടുത്തുകളഞ്ഞു. അത് കാണുന്നില്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ (ഫോണിൽ സംസാരിക്കുന്നു): വാർഡൻ സാഹിബ്, ഇത് അർജുനാണ്. ഒരു ശവക്കുഴിയിൽ അവർക്ക് എങ്ങനെ അപ്രത്യക്ഷമാകാനാകും?

വാർഡൻ: ശവക്കുഴിയല്ല, അസ്ഥികൂടമാണ്. അവർ…

ലൈൻ മുറിയുന്നു.

ആനന്ദ്: ഇത് ഗുരുതരമാവുകയാണ്. എല്ലാ ബ്യൂറോകളിലേക്കും വിവരം നൽകുക. അടുത്ത കുറച്ച് ദിവസങ്ങളിൽ നമ്മൾ വളരെ തിരക്കിലായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. [അവൻ ലാപ്‌ടോപ്പിൽ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നു.] ഓ, ഞാൻമറന്നു, ഖുതബ്. അത് അപ്രത്യക്ഷമായി എന്നത് സത്യമാണോ? അതൊരു ബോംബ് സ്ഫോടനമായിരുന്നോ?

ബ്രജേഷ്: ഇല്ല, സ്‌ഫോടനം ഉണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.

ആനന്ദ്: പിന്നെ എങ്ങനെയാണ് ഇത്രയും ഉയരമുള്ള ഒരു സ്മാരകം വീണത്?

ബ്രജേഷ്: അത് വീണിട്ടില്ല… അത് അപ്രത്യക്ഷമായെന്നാണ് കിംവദന്തികൾ പ്രചരിക്കുന്നത്.

ആകെ 238 അടിയായിരുന്നത്.

ആനന്ദ്: നീ എന്താണ് ഉദ്ദേശിക്കുന്നത്?

ബ്രജേഷ്: അത് അവിടെ ഇല്ല.

ആനന്ദ് (അവിശ്വസനീയം): പിന്നെ എവിടെയാണ്?

ബ്രജേഷ്: എനിക്കറിയില്ല. ആർക്കും അറിഞ്ഞ മട്ടില്ല.

ഖുതുബ് അപ്രത്യക്ഷമായെന്ന കിംവദന്തികൾ ശക്തമായി പ്രചരിക്കുന്നു. പ്രത്യക്ഷത്തിൽ, ഒരു നിമിഷം അത് അവിടെ ഉണ്ടായിരുന്നു, പിന്നീട് അത് അവിടെയില്ല. ചിലർ പറയുന്നത് അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ്, മറ്റുചിലർ പറയുന്നത് പിശാചിന്റെയാണെന്നും. അതോ ജോലിസ്ഥലത്തെ ഭ്രാന്തൻ മാന്ത്രികമായിരുന്നോ? ഒരുപക്ഷേ, LSD-യിലെ സഞ്ചാരത്തിനിടെ ഭ്രാന്തൻ ചാനലുകളിലൊന്നിൽ നിന്നുള്ള ചില റിപ്പോർട്ടർമാർ കണ്ട കാര്യങ്ങളായിരിക്കാം!

രണ്ടാമത്തെ പത്രപ്രവർത്തകൻ: ശരി, ഖുതബ് തിരികെ വന്നേക്കാം, അത് അപ്രത്യക്ഷ്യമായി എന്നത് ഒരു മിഥ്യ മാത്രമാകാം. എന്നാൽ എല്ലാ മുസ്ലീങ്ങളും എങ്ങനെ അപ്രത്യക്ഷരായി? അവരെല്ലാം പറുദീസയിലോ ബെഹെഷ്തിലോ ജന്നത്തിലോ പോയോ?

ഒന്നാമത്തെ പത്രപ്രവർത്തകൻ: അവർ കശ്മീരിലേക്ക് പോയിരിക്കാമെന്നാണ് ഇന്റലിജൻസിലെ ചിലർ സംശയിക്കുന്നത്. 

രണ്ടാമത്തെ പത്രപ്രവർത്തകൻ: എന്നാൽ എല്ലാ മുസ്ലീങ്ങളും ഇന്ത്യ വിട്ടുപോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒന്നാമത്തെ പത്രപ്രവർത്തകൻ: പക്ഷേ കശ്മീരിൽ നിന്നല്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ: എന്താണ് അത് അർത്ഥമാക്കുന്നത്? നാം ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി പിൻവലിക്കുകയും ചെയ്തില്ലേ? മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രവിശ്യയിൽ നിന്ന് നമ്മൾ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ വിഭജിച്ചില്ലേ? കശ്മീർ ഇന്ത്യയിലാണ്, അല്ലേ? [താൽക്കാലികമായി നിർത്തുന്നു.] ഇല്ല, ഇല്ല, ഇല്ല. ഇത് വളരെ കൂടുതലാണ്, ഒരു മുഴുവൻ ജനസമൂഹം എങ്ങനെയാണ് അപ്രത്യക്ഷമാവുക? ഇതൊരു സ്വപ്നമാണ്.

ആദ്യ പത്രപ്രവർത്തകൻ (ശബ്ദം ഉയർത്തി): ഇതൊരു സ്വപ്നമല്ല. ഇതൊരു പേടിസ്വപ്നമാണ്! 200 ദശലക്ഷം ആളുകൾക്ക് എങ്ങനെ പോകാനാകും? എങ്ങനെയാണ് അവർ കശ്മീരിൽ ഒതുങ്ങുന്നത്? ഇത് തീർച്ചയായും വ്യാജ വാർത്തയാണ്.

ആനന്ദ് (ഇടപെടൽ): നോക്കൂ, നമുക്ക് ഗൂഢാലോചന സിദ്ധാന്തങ്ങൾ ചർച്ച ചെയ്ത് സമയം കളയാൻ കഴിയില്ല. നിങ്ങൾ രണ്ടുപേരും ഡെസ്‌ക്കിലേക്ക് മടങ്ങി നമ്മൾ വാർത്തകൾ നൽകാൻ പിന്നിലല്ലെന്ന് ഉറപ്പാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ തോക്കിൽ കയറി വെടി വെയ്ക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഞാനും ബ്രജേഷും വാർത്ത അവസാനിപ്പിച്ചിട്ട്, കുറച്ച് സമയത്തിന് ശേഷം ഇതിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യാം. അർഥവത്തായ ഒരു ചർച്ചയ്‌ക്കോ, സംവാദത്തിനോ ഇത് വളരെ നേരത്തെയാണ്.

രണ്ട് മാധ്യമപ്രവർത്തകർ സ്റ്റേജിൽ നിന്ന് പുറത്തിറങ്ങി.

ആനന്ദ്: ബ്രജേഷ്ജി, നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഇത് സത്യമാണോ? എന്തിനാണ് മുസ്ലീങ്ങൾ എല്ലാം പൊതിഞ്ഞുകെട്ടി പോകുന്നത്?

ബ്രജേഷ് (അനുനയത്തോടെ): ഈ നിഗൂഢതയുടെ ഏറ്റവും വ്യക്തമായ ഭാഗം അതല്ലേ? നിങ്ങൾ അവരെ ചെരിപ്പുകൊണ്ട് അടിക്കുകയും അപമാനിക്കുകയും ചെയ്യുന്നു; പകൽവെളിച്ചത്തിൽ നിങ്ങൾ അവരെ കൊല്ലുന്നു; നിങ്ങൾ അവരുടെ അമ്മമാരെയും പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്നു; പശുവിനെ കൊന്നുവെന്ന് ആരോപിച്ച് നിങ്ങൾ അവരെ തല്ലിക്കൊന്നു. ഡൽഹിയുടെ തൊട്ടടുത്ത് ഹരിയാനയിലാണ് ഇതെല്ലാം നടക്കുന്നത്. തുടർന്ന്, വീഡിയോകൾ ദിവസം മുഴുവൻ വാർത്തകളിൽ പ്ലേ ചെയ്യപ്പെടുന്നു, അത് വീണ്ടും വീണ്ടും ആസ്വദിക്കാൻ നിങ്ങൾ നിർബന്ധിതരാകുന്നു. ഒന്നാലോചിച്ചു നോക്കൂ, മുസ്ലീങ്ങളുടെ തിരോധാനം ഒരു ഹിന്ദു രാഷ്ട്രത്തിന്റെ കാര്യത്തിൽ ഒരു പ്രധാന നാഴികക്കല്ലായി മാറിയേക്കാം.

ആനന്ദ് (ആശങ്കയോടെ): മുസ്ലീങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഞങ്ങൾ ഒരിക്കലും നമ്മുടെ വിശ്വാസങ്ങൾ അവരിൽ അടിച്ചേൽപ്പിച്ചിട്ടില്ല. വൈദേശിക ഭരണത്തിൽ ദുരിതമനുഭവിച്ചത് ഹിന്ദുക്കളാണ്.

ബ്രജേഷ്: കാലം മാറി. ഇത് ഹിന്ദുത്വ വാദത്തിന്റെ കാലമാണ്. ഞാനൊരു പുരോഗമനവാദിയാണ്, പക്ഷെ പുരാതന ഹിന്ദു സംസ്കാരത്തിന്റെ മൂല്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. 

ആനന്ദ്: നിങ്ങൾ പറഞ്ഞു വരുന്നത് മുസ്ലിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ അത് സാധ്യമാകില്ലെന്നാണോ? 

ബ്രജേഷ്: അവർക്ക് നമ്മുടെ പുരാതനമായ സംസ്കാരം അറിയില്ല. എങ്ങനെയാണ് അവർക്ക് അറിയുക? ഇത് അവർ വരുന്നതിനും മുന്പുള്ളതാണ്. അക്ബർ മുതൽ മുഗൾ വരെയുള്ള മുസ്ലിം ഭരണാധികാരികൾ നമ്മുടെ സംസ്കാരത്തെ ആരാധിച്ചിരുന്നു. പക്ഷേ നമ്മൾ എന്തിനാണ് അതിലേക്ക് കടക്കുന്നത്? ഒരു മുഴുവൻ വിഭാഗം അപ്രത്യക്ഷരായത് ഇവിടെ അപ്രസക്തമാണ്. 

ഒരു ഓഫീസ് അസിസ്റ്റന്റ് വന്നതോട് കൂടി അവർ സംസാരം പകുതി വെച്ച് നിര്ത്തുന്നു. മുപ്പതിനോടടുത്ത് പ്രായമുള്ള ആ ചെറിയ മനുഷ്യൻ സ്റ്റുഡിയോയിലേക്ക് തിരക്കിട്ട് വരികയായിരുന്നു. 

ഓഫീസ് അസിസ്റ്റന്റ്: അകത്തേക്ക് കടന്നതിൽ ക്ഷമിക്കണം. പക്ഷെ എന്റെ പക്കലുള്ള വാർത്ത നിങ്ങളെ അറിയിക്കട്ടെയെന്ന് ന്യൂസ് ഡെസ്‌കിനോട് ചോദിച്ചിരുന്നു. 

ആനന്ദ്: വാർത്തകൾ വന്നു തുടങ്ങിയാൽ പിന്നെ ഒരു ഒഴുക്കാവും. (ഓഫീസ് അസിസ്റ്റന്റിനോടായി) ഞങ്ങളോട് പറയാനായി എന്താണുള്ളത്? 

ഓഫീസ് അസിസ്റ്റന്റ്: സർ, ഇത് എന്റെ വീടിനടുത്തുള്ള റഷീദിന്റെ കാലിതൊഴുത്തുമായി ബന്ധപ്പെട്ടതാണ്. അതൊരു എരുമ ഷെഡായിരുന്നു. ഇന്ന് രാവിലെ ഞാൻ അത് വിജനമായതായി കണ്ടു. റാഷിദും കുടുംബവും അവിടെ നിന്നും അപ്രത്യക്ഷ്യരായിരുന്നു. 

ആനന്ദ്: ആ എരുമകൾ ഇപ്പോഴും അവിടെയുണ്ടോ? 

ഓഫീസ് അസിസ്റ്റന്റ്: അതെ സാർ. എരുമകൾ അവിടെ കുറെയുണ്ട്. 

ആനന്ദ്: പിന്നെ നിങ്ങൾ എന്തിനാണ് ആവലാതിപ്പെടുന്നത്? നിങ്ങൾക്ക് എരുമകളിലാണോ താല്പര്യം, അതോ റഷിദിലോ? 

ഓഫീസ് അസിസ്റ്റന്റ്: ഞങ്ങൾ എല്ലാവരും റാഷിദിനെ കുറിച്ച് ആകുലരാണ്. എന്തൊക്കെയായാലും അവൻ ഞങ്ങളുടെ അയൽവാസി ആയിരുന്നല്ലോ. പിന്നെ ഞങ്ങൾക്ക് എല്ലാവര്ക്കും വേണ്ട പാൽ കിട്ടിയിരുന്നത് അവന്റെ എരുമകളിൽ നിന്നായിരുന്നല്ലോ. നല്ല കൊഴുത്ത പാലായിരുന്നു സാർ…ശുദ്ധം…അകിടിൽ നിന്നും നേരിട്ട് എടുക്കുന്നതായിരുന്നു. എന്നാൽ അവനിപ്പോൾ പോയി.

ആനന്ദ്: അതിൽ ആകുലരാകേണ്ട കാര്യമേയില്ല. നിങ്ങൾക്ക് അതെ പാൽ തന്നെ ഇനിയും ലഭിക്കും. അതുകൂടാതെ ആ പാൽ വിറ്റു കിട്ടുന്നതിന്റെ ഒരു പങ്കും നിങ്ങൾക്ക് ഇനി മുതൽ ലഭിക്കും. എരുമയിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം നമ്മളെല്ലാവരും പങ്കിട്ടെടുക്കും. 

ബ്രജേഷ് (കണ്ണുകൾ തിളങ്ങുന്നു): പശുവോ, എരുമയോ, കോഴി വളർത്താലോ പോലെ എന്തെങ്കിലും ഒരു ഫാം സ്വന്തമായി തുടങ്ങണമെന്ന് അനിതയ്ക്ക് കുറെ കാലമായി ആഗ്രഹമുണ്ടായിരുന്നു. 

ആനന്ദ്: ഏത് അനിത? 

ബ്രജേഷ്: എന്റെ ഭാര്യ. നിനക്ക് അവളെ അറിയാം. 

ആനന്ദ്: ആ…അതെ. പക്ഷെ ഒരു ഒരു എരുമ ഷെഡിൽ നിന്നും ഒരു ഫാം നടത്താൻ അവൾക്കാവില്ല. 

ബ്രജേഷ്:അവളെ വിളിച്ചു നോക്കാം. (ഒരു മൂലയിലേക്ക് പോയി നിന്ന്, മൊബൈലിൽ ഒരു നമ്പറിലേക്ക് വിളിച്ച് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു. ഫോൺ അവസാനിപ്പിച്ച ശേഷം തിരിച്ചു വരുന്നു).

ആനന്ദ് (ബ്രജേഷിനോടായി): നീ തീർച്ചയായും മിടുക്കനാണ്. പക്ഷെ റാഷിദിന്റെ അതെ റോഡിൽ ഏക്കറുകളോളം ഉള്ള അൽത്താഫ് ഭായിയുടെ വലിയ ബംഗ്ലാവിനെ പറ്റി നീ ചിന്തിച്ചിരുന്നോ? ഈ എരുമകളെയെല്ലാം ആ ബംഗ്ലാവിലേക്ക് മാറ്റിയാൽ, നിനക്ക് വലിയൊരു ഒരു ഫാം തന്നെ തുടങ്ങാം. 

ബ്രജേഷ്: പക്ഷെ അൽത്താഫ് ഇനി ബംഗ്ലാവ് തന്റേതാണെന്ന് അവകാശപ്പെടില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?

ആനന്ദ്: എല്ലാ മുസ്ലിംങ്ങളും പോയെങ്കിൽ, അൽത്താഫും പോയിട്ടുണ്ടാവുമെന്ന് നമുക്ക് അനുമാനിക്കാം. 

ഓഫീസ് അസിസ്റ്റന്റ്: അയാളും അപ്രത്യക്ഷ്യമായിട്ടുണ്ടാവുമോ സർ? 

ആനന്ദ്: അതെ. എല്ലാ മുസ്ലിങ്ങളും പോയിട്ടുണ്ടെങ്കിൽ, അൽത്താഫും പോയതായി ആർക്കും അനുമാനിക്കാം. [ദൈവിക ഇടപെടൽ തേടുന്നതുപോലെ, അവൻ രണ്ടു കൈകളും ഉയർത്തി ആകാശത്തേക്ക് നോക്കുന്നു]. സത്യത്തിൽ നമ്മൾ തികഞ്ഞ വിഡ്ഢികളാണെന്നേ ഞാൻ പറയൂ. 200 ദശലക്ഷത്തോളം വരുന്ന എല്ലാ മുസ്ലീങ്ങളും ഇല്ലാതായപ്പോഴാണ് നമ്മൾ ഇവിടെ റാഷിദിനെയും അൽത്താഫിനെയും കുറിച്ച് ചർച്ച ചെയ്യുന്നത്.

ഓഫീസ് അസിസ്റ്റന്റ്: സാർ പറഞ്ഞതുപോലെ അവർ അപ്രത്യക്ഷമായി.

ആനന്ദ്: എന്നെ തടസപ്പെടുത്താതിരിക്കൂ. അതെ, അപ്രത്യക്ഷമായി. അപ്പോൾ, അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളുടെയും ഫാക്ടറികളുടെയും കാര്യമോ?

ബ്രജേഷ്: അവർക്ക് അത്രയധികം ബിസിനസുകൾ ഉണ്ടായിരുന്നോ?

ആനന്ദ്: ഒന്നാലോചിച്ചു നോക്കൂ. 200 ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകൾ, കൃഷിയിടങ്ങൾ, ഭൂമി, ബിസിനസ്സുകൾ, പശുത്തൊഴുത്തുകൾ, എരുമക്കൂടുകൾ എന്നിവ ഉപേക്ഷിച്ചുപോയി, ഇവയെല്ലാം കോടിക്കണക്കിന് രൂപ വിലമതിക്കും. ഈ സമ്പത്ത് മുഴുവൻ മുസ്ലീം മുക്ത ഭാരതത്തിൽ നിന്നുള്ള ലാഭവിഹിതമായിരിക്കും. ഇതാണ് നമ്മൾ നമുക്കായി വിഭജിക്കേണ്ട ലാഭവിഹിതം. ആർക്ക് എന്ത് കിട്ടുമെന്ന് കണ്ടറിയണം.

സ്റ്റേജ് ലൈറ്റ് പ്രകാശം കുറഞ്ഞ് മങ്ങുകയും ചെയ്യുന്നു.

Scroll.com ൽ പ്രസിദ്ധീകരിച്ച Muslims are Vanishing by Saeed Naqvi, എന്ന നാടകത്തിൻ്റെ സ്വതന്ത്ര വിവർത്തനം.

(മുതിർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനും, ടെലിവിഷൻ കമന്റേറ്ററുമാണ് സയീദ് നഖ്‌വി. BBC News, The Sunday Observer, The Sunday Times, The Guardian, Washington Post തുടങ്ങി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതാറുണ്ട്. ദേശീയ ടെലിവിഷനുകൾക്കും, പത്രങ്ങൾക്കും മാഗസീനുകൾക്കുമായി  നിരവധി ലോകനേതാക്കളെയും, വ്യക്തിത്വങ്ങളെയും അഭിമുഖം നടത്തിയ അദ്ദേഹം നിലവിൽ World Report ന്റെ എഡിറ്ററാണ്. റിഫ്ലക്ഷൻസ് ഓഫ് ആൻ ഇന്ത്യൻ മുസ്ലിം (Reflections of an Indian Muslim), ദി ലാസ്‌റ് ബ്രാഹ്മിൺ പ്രൈം മിനിസ്റ്റർ (The Last Brahmin Prime Minister), ബീയിങ് ദി അദർ:ദി മുസ്ലിം ഇൻ ഇന്ത്യ (Being the Other: The Muslim in India) എന്നിവ സയീദ് നഖ്‌വിയുടെ പ്രധാന പുസ്തകങ്ങളാണ്. സാമൂഹിക സൗഹാർദ്ദവും, ദേശീയ അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്ത് 2003 ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ  ദേശീയോദ്ഗ്രഥന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.)