ന്യൂഡൽഹി:
ആദായ നികുതി പരിധിയിൽ മാറ്റം വരുത്താതെയായിരുന്നു കേന്ദ്രധനമന്ത്രിയുടെ ബജറ്റ്. നിലവിലെ നികുതി പരിധിക്കുള്ളിൽനിന്ന് വരുത്തിയ ചില മാറ്റങ്ങൾ മാത്രമാണ് നികുതി ദായകർക്ക് ബാധകമാകുക. 2.5 ലക്ഷം രൂപയായ അടിസ്ഥാന നികുതി പരിധി മാറ്റമില്ലാതെ തുടരും.
കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായതോടെ അടിസ്ഥാന നികുതി പരിധി അഞ്ചുലക്ഷമായെങ്കിലും ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നികുതി ദായകരെ നിരാശരാക്കുന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം.
അതേസമയം, ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നാണ് ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. ആദായ നികുതി റിട്ടേൺ രണ്ടു വർഷത്തിനുള്ളിൽ പുതുക്കി ഫയൽ ചെയ്യാൻ ഇനിമുതൽ സാധിക്കും. തെറ്റുതിരുത്തി റിട്ടേൺ ഫയൽ ചെയ്യാനാണ് സാവകാശം നൽകുക.
ഡിജിറ്റൽ സ്വത്തുക്കളുടെ കൈമാറ്റത്തിന് പുതിയ നികുതി പ്രഖ്യാപനങ്ങളും ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽനിന്ന് ലഭിച്ച ആദായത്തിന് 30 ശതമാനമാണ് നികുതി. ഡിജിറ്റൽ ആസ്തികൾ സമ്മാനമായി ലഭിക്കുന്നതിലും നികുതി ബാധകമാകും.