Fri. May 3rd, 2024
വർക്കല:

പാപനാശം തീര മേഖലയോടു ചേർന്നു ഒരു കാലഘട്ടത്തിൽ നിലനിന്ന നെൽപാടങ്ങളുടെ ജീവനാഡിയും തോടുകളുടെ ഉത്ഭവ സ്ഥാനവുമായിരുന്ന മുണ്ടയിൽ കുളം നാശത്തിന്റെ വക്കിൽ. പരിസരത്തെ ജലത്തിന്റെ മുഴുവൻ ആവശ്യവും നിറവേറ്റിയ ജല സ്രോതസ്സാണ് മാലിന്യം തള്ളുന്ന ഇടമായി ഇല്ലാതാകുന്നത്. വീടുകൾ ചുറ്റും ഉയർന്നതോടെ നഗരസഭാ ഉടമസ്ഥതയിലുള്ള കുളത്തിന്റെ വിസ്തൃതി കഷ്ടിച്ചു 7.5 സെന്റായി ചുരുങ്ങി അരമീറ്റർ വീതിയുള്ള വഴി മാത്രമാണ് ഇപ്പോഴുള്ളത്.

കുളത്തിൽ നിന്നുള്ള പ്രധാന തോട് ഭൂമി കയ്യേറ്റത്തിൽ അടഞ്ഞുപോയി. കുളം നവീകരണത്തിന്റെ പേരിൽ പുതിയ പദ്ധതിയുണ്ടെന്ന നഗരസഭ ഭരണസമിതിയുടെ പ്രഖ്യാപനം പണം പാഴാക്കലാണെന്ന വാദമുണ്ട്. നവീകരണത്തോടൊപ്പം അടുത്ത കാലത്ത് കെട്ടിടം ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾക്കായി മൂടിയ തോടുകൾ കൂടി വീണ്ടും തെളിക്കണമെന്ന വാദം ശക്തമാണ്.

മൂന്നു പതിറ്റാണ്ടുകൾക്ക് അപ്പുറം പാടങ്ങൾക്കു നടുവിലൂടെ ഒഴുകി കടലിൽ ചേരുന്ന തെളിനീരു നിറഞ്ഞ വിശാലമായ തോടുകളുടെ ചിത്രം മങ്ങാത്ത ഓർമയായി ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. ബീച്ചും പരിസരവും വിനോദസഞ്ചാര മേഖലയായി വളർന്നതോടെയാണ് പാടങ്ങളുടെ ശനിദശ തുടങ്ങിയത്. അതേ സമയം ചതുപ്പ് നിലവും ഉറവ പ്രവാഹവും ഇപ്പോഴും പരിസരത്ത് കാണാനാകുന്നത് ആശ്വാസമാണ്.

മുണ്ടയിൽ-ആൽത്തറമൂട് ജംക്‌ഷനിലേക്ക് നീളുന്ന ഇടറോഡിൽ ഒരു ഭാഗത്ത് നിന്നു ഉറവ പ്രവഹിച്ചു തോടിൽ ഒഴുകി ചേരുന്ന കാഴ്ച ഇതിന് ഉദാഹരണം. തോടുകളുടെ വീതി ഗണ്യമായി കുറഞ്ഞത് ഭൂമി കയ്യേറ്റത്താലാണ്. ഭൂമിയുടെ അളവ് തിട്ടപ്പെടുത്താൻ മൈനർ ഇറിഗേഷൻ അടക്കമുള്ള വകുപ്പുകൾക്കും താൽപര്യമില്ലാത്ത സ്ഥിതിയാണ്.