Sat. Apr 27th, 2024
കൽപറ്റ:

മാനന്തവാടി കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർദ്ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നു യോഗം ശുപാർശ ചെയ്തു. വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്മൂലയിലേത് പ്രത്യേകമായി പരിഗണിച്ചു വിപണി വിലയിൽ ഉയർന്ന നഷ്ട പരിഹാരത്തിനാണു സമിതിയുടെ ശുപാർശ.

മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനു സബ് കമ്മിറ്റി രൂപീകരിച്ചത്. എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു, ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധി കെ എൽ പൗലോസ്, നഗരസഭാ അധ്യക്ഷർ, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, എഡിഎം എൻ ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫിസർ ആർ മണിലാൽ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതു തടയാനുള്ള നടപടി കാര്യക്ഷമമാക്കണം.

വന്യമൃഗങ്ങൾക്ക് ആവാസമൊരുക്കുന്ന തരത്തിൽ കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ കാടു വെട്ടി തെളിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കൈനാട്ടി ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയു പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ടി സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു. വൈത്തിരി താലൂക്ക് ആനമല കോളനിയിൽ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഭവന നിർമാണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫിസർ അറിയിച്ചു.