Sat. Apr 20th, 2024
വെള്ളരിക്കുണ്ട്:

പൊടിപ്പള്ളം കോളനിക്കാർക്ക്‌ കുടിവെള്ളത്തിനായി ഇനി കാത്തിരിക്കേണ്ട. കോളനിയിലെ കുടിവെള്ള വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്തിലെ പൊടിപ്പള്ളം കോളനിയിലെ കുടുംബങ്ങൾ കുടിവെള്ളത്തിനായി മുട്ടാത്ത വാതിലുകളില്ല.

23 പട്ടികവവഗ കുടുംബങ്ങൾ ഉൾപ്പെടെ 26 കുടുംബങ്ങളാണ് കോളനിയിൽ. ഏതാണ്ട്120 ഓളം ആളുകൾ. ഇവർ വർഷങ്ങളായി കുടിവെള്ളം എടുക്കുന്നത് പല വീടുകളിൽ നിന്നുമാണ്‌. പഞ്ചായത്ത് കുളം പരിസരത്ത് ഉണ്ടെങ്കിലും ശുചീകരിക്കാനോ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കാനോ പഞ്ചായത്ത്‌ തയ്യാറായിരുന്നില്ല.

സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതിയുടെ സഹായത്തോടെ പട്ടികവർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പൊടിപ്പള്ളം കുടിവെള്ള പദ്ധതി തയ്യാറാക്കുന്നത്. 2017 മുതൽ തുടങ്ങിയ പ്രവർത്തനം പല തവണ മുടങ്ങിയെങ്കിലും 2020ൽ ടെൻഡർ നടത്തി 22,80,000 രൂപയ്ക്ക് പൂർത്തിയാക്കി. സരസൻ എന്നയാൾ സൗജന്യമായി നൽകിയ സ്ഥലത്ത് ടാങ്കും നിർമിച്ച് 1300ഓളം മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്‌.

ഓരോ വീട്ടിലും ടാപ്പും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷിനോജ് എം ചാക്കോ മുഖ്യാഥിതിയായി. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ ലതിക നന്ദിയും പറഞ്ഞു.