Sat. Apr 27th, 2024
കൊല്ലം:

മഴയും വെയിലുമെന്ന വ്യത്യാസമില്ല; ദുരിതക്കയത്തിലാണ്‌ മൺറോതുരുത്ത്‌. മഴ വന്നാൽ വെള്ളപ്പൊക്കം, വേനലിൽ വേലിയേറ്റം. രണ്ടായാലും വർഷം മുഴുവൻ പ്രളയ സമാനമായ അവസ്ഥ. അറുന്നൂറിലേറെ കുടുംബങ്ങളാണ്‌ ദുരിതത്തിലായത്‌.

വെള്ളം ഇരച്ചുകയറുന്നതിനാൽ സ്വസ്ഥമായി ഉറങ്ങാൻ മൺറോതുരുത്തുകാർക്ക്‌ കഴിയുന്നില്ല. വീട്ടിനുള്ളിലും പുറത്തും വെള്ളം കെട്ടിനിൽക്കുന്നതിനാൽ പ്രാഥമിക ആവശ്യങ്ങളും നിറവേറ്റാനാകുന്നില്ല. ശുചിമുറികളിൽ വെള്ളം കെട്ടിനിന്ന്‌ മാലിന്യം ഒഴുകിപ്പരക്കുന്നു.

പത്രം, പാൽ വിതരണം താറുമാറായി. 2018ലെ പ്രളയത്തിന്‌ സമാനമാണ്‌ ഇവിടെ. 16 മാസമായി തുടരുന്ന വേലിയേറ്റത്തിൽ മൺറോതുരുത്ത്‌ നിവാസികൾക്ക്‌ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്‌.

കനത്ത മഴയിൽ മൂന്നാഴ്‌ച മുമ്പുണ്ടായ ദുരിതം തീരും മുമ്പാണ്‌ വേലിയേറ്റം അതിരൂക്ഷമായത്‌. പുലർച്ചെ മൂന്നോടെ വീടിനുള്ളിൽ വെള്ളം കയറിത്തുടങ്ങും. ഏഴരവരെ തുടരുന്ന വേലിയേറ്റം അൽപ്പം ഇറങ്ങുന്നതോടെ വീട്ടിനുള്ളിലെ ചെളിയും മാലിന്യവും കഴുകിയിറക്കും. ഒമ്പതിന്‌ വീണ്ടും വെള്ളം കയറും. പതിയെ ഇറങ്ങിത്തുടങ്ങുന്ന വെള്ളം വൈകിട്ട്‌ ആറോടെ ഇരച്ചെത്തും.

കിടപ്രം തെക്ക്‌, കിടപ്രം വടക്ക്‌, കൺട്രാംകാണി, പട്ടംതുരുത്ത്‌ വെസ്റ്റ്‌, ഈസ്റ്റ്‌, നെന്മേനി തെക്ക്‌, നെന്മേനി എന്നീ വാർഡുകളിലാണ്‌ സ്ഥിതി രൂക്ഷം. ഇവിടങ്ങളിൽ 200 കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന്‌ ആവശ്യം ശക്തമാണ്‌. കൈത്തോടുകളിൽനിന്ന്‌ കയറുന്ന വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇടറോഡുകൾ കാണാനില്ല.

ജലനിരപ്പ്‌ ഉയർന്നതിനാൽ മത്സ്യക്കൃഷി അസാധ്യമായി. കുട്ടികൾക്ക്‌ സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാനാകാത്തതിനാൽ കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ളവരുടെ വരുമാനം നിലച്ചു. നിരവധിപേർ വീട്‌ ഉപേക്ഷിച്ചുപോയി. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും വെള്ളം കയറുന്ന ഭാഗങ്ങളിൽ കണ്ടൽക്കാടുകൾ വളർത്തി തുരുത്തിനെ സംരക്ഷിക്കണമെന്നും ആവശ്യം ഉയരുന്നു.