Fri. Apr 26th, 2024

കൊച്ചി:

വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി നിവാസി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി പരിഗണിച്ചത്. വിവാദമായ ഭാഗങ്ങള്‍ നീക്കണമന്നാണ് പരാതിക്കാരിയായ അഡ്വ. ഉഷ നന്ദിനിയുടെ ആവശ്യം. എന്നാല്‍ നോവല്‍ നിരോധിക്കുന്നതു വഴി ഭരണഘടനയിലെ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിലുള്‍പ്പടെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉണ്ടായി. വിവിധ സാമൂഹ്യമാധ്യമങ്ങൾ വഴി അമ്പലത്തില്‍ പോകുന്ന സ്ത്രീയെ മോശമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട ട്രോളുകള്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ഹിന്ദു വിശ്വാസികള്‍ക്ക് വേദനയും അപമാനവും വരുത്തിവെച്ചെന്ന് പരാതിക്കാരി പറഞ്ഞു.

ഐപിസി 292 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ. എന്നാല്‍ ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങളെ നിരോധിക്കുന്ന സംസ്‌കാരം ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ അത് ബാധിക്കുമെന്ന് കേസ് പരിണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ. എം. ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമില്ലാത്ത പരിഗണനയാണ് നല്‍കുന്നത്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതെല്ലാം വിഷയമാക്കേണ്ടതുണ്ടോയെന്നും ഏറ്റവും നല്ലത് ഇത്തരം കാര്യങ്ങള്‍ മറക്കുന്നതാണെന്നും കോടതി പറഞ്ഞു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനാവില്ലെന്ന് കേന്ദ്രവും കേരള സര്‍ക്കാരും വാദിച്ചു. നോവലിലെ വിവാദമായ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നോവലിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജി അതിന് ശേഷം പരിഗണിക്കും.

മലയാളത്തിലെ തിരക്കേറിയ ചെറുകഥാകൃത്തായ എസ്. ഹരീഷിന്റെ ആദ്യത്തെ നോവലാണ് മീശ. ഈ നോവലിലെ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണമാണ് ഹിന്ദു വനിതകളെ അവഹേളിക്കുന്നുവെന്നും, മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്നും പരക്കെ ആക്ഷേപമുയര്‍ന്നിരുന്നത്.

ഈ നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ ക്ഷേത്ര സന്ദര്‍ശനത്തിനു പോകുന്ന സ്ത്രീകളെക്കുറിച്ച് നടത്തുന്ന സംഭാഷണമാണ് വിവാദമായത്. ഹിന്ദു മതത്തിലെ സ്ത്രീകള്‍ വൃത്തിയായി വസ്ത്രം ധരിച്ചു അമ്പലത്തില്‍ വരുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന അബോധമായി പ്രഖ്യാപിക്കുകയാണ്, മാസത്തില്‍ നാലു ദിവസം വരാതിരിക്കുന്നത് ആ സമയത്ത് തയ്യാറല്ലെന്ന് പൂജാരിമാരെ കാണിക്കാനാണ്, അമ്പലത്തിലെ തിരുമേനിമാരണല്ലേ പണ്ട് ഇക്കാര്യത്തിലെ ആശാന്‍മാര്‍ എന്നുമാണ് ഒരു കഥാപാത്രം മറ്റേ കഥാപാത്രത്തോട് പറയുന്നത്.

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിലനിന്നിരുന്ന ജാതിനിര്‍മ്മിത സമൂഹം, അതിന്റെ സൂക്ഷ്മതല ഘടന, പ്രവര്‍ത്തന രീതി എന്നിവ ഉള്‍പ്പെടുന്ന കാലഘട്ടമാണ് മീശയില്‍ വിവരിക്കുന്നത്.

സാഹിത്യ പ്രതിവാര മാസികയായ ‘മാതൃഭൂമി’യില്‍ നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഹരീഷിന് നേരെ അക്രമ ഭീഷണി നടത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അപമാനിക്കുകയും ചെയ്തു.

കേരള ഹിന്ദു ഐക്യവേദി, ബി. ജെ. പി മഹിളാമോര്‍ച്ച തുടങ്ങിയ സംഘടനകൾ മാസികക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ഹരീഷിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം അധിക്ഷേപവും ഭീഷണിയും നേരിടേണ്ടി വന്നതു മുതല്‍, ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഹരീഷ് തീരുമാനിച്ചു. മലയാളി സമൂഹം സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രം അത് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രത്തെ നിയന്ത്രിക്കുന്നവരെ എനിക്ക് എതിര്‍ക്കാനാവില്ല. അവരെ നേരിടാന്‍ എനിക്ക് ധൈര്യമില്ല,“ അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഈ നോവല്‍ മതത്തെ അപമാനിക്കുകയായിരുന്നുവെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്.) അഭിപ്രായപ്പെട്ടു. മാത്രമല്ല എഴുത്തുകാരന്‍ മാപ്പ് പറയണമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിന്നീടങ്ങോട്ട് സ്ഥിതി വഷളാകുമെന്നും മുന്നറിയിപ്പു നല്‍കി. ഹിന്ദു സ്ത്രീകളുടെ സഹിഷ്ണുത ചോദ്യം ചെയ്യുന്ന തരത്തിലുളള സംഭാഷണം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ ദുരുപയോഗമാണ്. പുസ്തകം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുക വഴി സംസ്ഥാനത്തിന് നാണം വരുത്തി വെയ്ക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥിതിഗതികള്‍ ചൂഷണം ചെയ്യാന്‍ ഈ അവസരം മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയ ആനന്ദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാനേജ്‌മെന്റിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നോവലിൽ ഹിന്ദു സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. മാതൃഭൂമി പബ്ലിക്കേഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം പി ഗോപിനാഥന്‍, നോവലിസ്റ്റ് എസ് ഹരീഷ്, എന്നിവര്‍ക്കെതിരെ എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹിന്ദു തീവ്രവാദ സംഘടനകളുടെ പ്രക്ഷോഭങ്ങളും ഭീഷണികളും ഉയര്‍ന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണ ഹരീഷിന് ലഭിച്ചു. അദ്ദേഹത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. എഴുത്തുകാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരീഷിനോട് ഭയപ്പെടാതെ മുന്നോട്ടു പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു

‘മീശ’ എന്ന നോവല്‍ പിന്‍വലിച്ച് പത്തുദിവസം കഴിഞ്ഞ് ഹിന്ദു തീവ്രവാദികള്‍ നടത്തുന്ന പ്രതിഷേധങ്ങളും ഭീഷണികള്‍ക്കും ഇടയില്‍, ഡി.സി. ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് എല്ലാ ഡി.സി. ഓഫീസുകളിലും നോവല്‍ ലഭ്യമാക്കുകയും ചെയ്തു. നോവല്‍ പ്രസിദ്ധീകരിക്കാന്‍ മറ്റു പ്രസിദ്ധീകരണ സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചു. “മീശ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കില്‍ മലയാളത്തില്‍ ഒരു കഥയോ നോവലോ പിന്നീട് പ്രസിദ്ധീകരിക്കുവാന്‍ കഴിയാത്ത അവസ്ഥ നമുക്ക് സംഭവിക്കാം. വൈക്കം മുഹമ്മദ് ബഷീര്‍, വി. കെ. എന്‍, ചങ്ങമ്പുഴ, വി ടി ഭട്ടതിരിപ്പീപാട് അല്ലെങ്കില്‍ ഈ തലമുറയിലെ എഴുത്തുകാര്‍ എന്നിവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പലരുടെയും അനുമതി തേടിയിരുന്നുവെന്നും,’ഡി. സി ബുക്‌സ് അവരുടെ പ്രസ്താവനയില്‍ പറഞ്ഞു .

തിരുവനന്തപുരത്ത് ആഗസ്ത് 1 ശനിയാഴ്ച ഡി.സി ബുക്ക്‌സിന്റെ ബ്രാഞ്ചില്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നോവലിന്റെ ഒന്നാം പതിപ്പ് വാങ്ങുകയും പ്രതിഷേധ പ്രകടനങ്ങള്‍ക്കുശേഷം പരസ്യമായി നോവല്‍ കത്തിക്കുകയും ചെയ്തു. ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഡി സി ബുക്കിന്റെ ബ്രാഞ്ചിലേയ്ക്ക് മാര്‍ച്ചും പ്രകടനവും സംഘടിപ്പിച്ചു. സ്റ്റാച്യു ജംഗ്ഷനിലെ ഡി സി ബുക്ക്‌സ് മാനേജരുടെ പരാതിയെത്തുടര്‍ന്ന് മീശ എന്ന നോവല്‍ കത്തിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷങ്ങള്‍ നേരിടാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്.

2018 ല്‍ മികച്ച ചെറുകഥക്കുള്ള ദേശീയ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ വ്യക്തിയാണ് എസ് ഹരീഷ്. തോമസ് മുണ്ടശ്ശേരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഹരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *