Mon. Dec 23rd, 2024

കൊച്ചി:

മഹാരാജാസ് കോളേജിൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട പത്തൊൻപതു വയസുകാരനായ എം. അഭിമന്യുവിന്റെ ജന്മദേശം എന്ന നിലയിൽ ഇടുക്കി ജില്ലയിലെ വട്ടവട ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ‘നാൻ പെറ്റ മകനെ, എൻ കിളിയെ’ എന്ന് വിലപിച്ച അവന്റെ അമ്മയുടെ മുഖവും മലയാളികൾ മറന്നിട്ടുണ്ടാവില്ല.

വോക്ക് ജേർണലിന്റെ സംഘം വട്ടവട സന്ദർശിച്ചപ്പോൾ, അഭിമന്യുവിന് തന്റെ ജീവിതത്തിൽ ഇത്രയും നാൾ നേരിടേണ്ടി വന്ന കഷ്ടതകളുടെ നേർക്കാഴ്ച തെളിഞ്ഞുവന്നു. സൗകര്യങ്ങൾ നന്നേ കുറവായിരുന്ന ഒരു ഒറ്റമുറി വീട്ടിലാണ് അവൻ താമസിച്ചിരുന്നത്. ആ പ്രദേശത്ത് ചുറ്റുമുള്ള ഭൂരിഭാഗം വീടുകളുടെയും അവസ്ഥ സമാനമായിരുന്നു. ഇരുണ്ടതും പച്ച നിറത്തിൽ ചായം പൂശിയതുമായ ഒറ്റമുറിവീടുകൾ. അഭിമന്യുവിന്റെ ഒറ്റമുറി വീട്ടിൽ പ്രവേശിച്ചപ്പോൾ കുറഞ്ഞത് ആറു പേരെങ്കിലും അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.

“കാലങ്ങളായി ഈ ഒറ്റമുറിയിലാണ് ഞങ്ങൾ താമസിക്കുന്നത്, ഈ ഗ്രാമത്തിലുള്ള മിക്കവരും ഇതേ സാഹചര്യത്തിൽ ആണ് താമസിക്കുന്നത്” അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ പറഞ്ഞു. മനോഹരന്റെയും പൂവതിയുടെയും മൂന്ന് മക്കളിൽ ഇളയവനായിരുന്നു അഭിമന്യു. അവരുടെ എല്ലാ പ്രതീക്ഷകളും അവനിലായിരുന്നു. “അവൻ പഠിക്കാൻ ആഗ്രഹിച്ചു, അവന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എത്ര പരിശ്രമിക്കുവാനും തയ്യാറായിരുന്നു. എല്ലാദിവസവും നടന്നാണ് അവൻ കോവിലൂരിലെ സ്കൂളിലേക്ക് പോയ്കൊണ്ടിരുന്നത്, കോവിലൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമാണ് അവൻ പ്ലസ് ടു പൂർത്തിയാക്കിയത്.” അഭിമന്യുവിന്റെ മൂത്ത സഹോദരൻ പരിജിത്ത് പറഞ്ഞു. ഇടുക്കിയിലെ ആദിവാസി വിഭാഗത്തിലെ മലയർ സമുദായത്തിൽ നിന്നുള്ളവരായിരുന്നു കാർഷിക തൊഴിലാളികളായ അഭിമന്യുവിന്റെ മാതാപിതാക്കൾ.

വട്ടവടയിൽ നിന്നും കോളേജിൽ പോയി പഠിക്കാൻ അവസരം ലഭിച്ച വളരെ ചുരുക്കം പേരിൽ ഒരാളാണ് അഭിമന്യു. മഹാരാജാസ് കോളേജിൽ ബി. എസ്. സി. കെമിസ്ട്രിയാണ് അവൻ പഠിച്ചിരുന്നത്. “കുടുംബത്തിന് എന്നും ഒരു കൈത്താങ്ങാവാൻ അവൻ ആഗ്രഹിച്ചു, ഞാനും അഭിമന്യുവിന്റെ സഹോദരി കൗസല്യയും പഠനം ഉപേക്ഷിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചത് അവൻ പഠിക്കാൻ വേണ്ടിയാണ്,” പരിജിത്ത് കൂട്ടിച്ചേർത്തു.

“കുട്ടിക്കാലം മുതൽ അവന് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരുന്നു. ഞാനും എന്റെ അച്ഛനും സി.പി.എമ്മിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയത്തിൽ അവന്റെ താൽപര്യം അവിടെ നിന്നാണ് ആരംഭിച്ചത്,” മനോഹരൻ പറഞ്ഞു.

“2015 ൽ അവൻ എസ്.എഫ്.ഐ യുടെ ജില്ലാകമ്മിറ്റി അംഗമായി മാറി. പാർട്ടി പരിപാടികളിൽ അവൻ സജീവമായിരുന്നു. കൊച്ചിയിൽ ഉപരിപഠനത്തിനായി എത്തിയപ്പോൾ അഭിമന്യുവിന് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കോളേജിൽ അവൻ എപ്പോഴും സന്തുഷ്ടനായിരുന്നു. അവന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ വീട് ഇടയ്ക്കൊക്കെ സന്ദർശിക്കുമായിരുന്നു. അവൻ അപ്പോൾ കൊച്ചിയിൽ നിന്ന് വിളിച്ച് അവരെ നന്നായി നോക്കുവാൻ ഞങ്ങളോട് ആവശ്യപ്പെടും. മറ്റുള്ളവരുടെ കാര്യത്തിൽ അവന് നല്ല ശ്രദ്ധ ആയിരുന്നു,” പരിജിത്ത് ഓർത്തു.

ചെ ഗുവേരയുടെ മോട്ടോർസൈക്കിൾ ഡയറീസ്, റോബിൻ ശർമ എഴുതിയ സ്വയം സഹായ പുസ്തകത്തിന്റെ മലയാളം പരിഭാഷ നിങ്ങൾ മരിക്കുമ്പോൾ ആര് കരയും? എന്നിങ്ങനെ അഭിമന്യുവിന്റെ ബാഗിൽ ഉണ്ടായിരുന്ന രണ്ടു പുസ്തകങ്ങൾ തന്റെ വീട്ടിൽ വരുന്ന എല്ലാവരെയും, പരിജിത്ത് കാണിക്കും.

അഭിമന്യുവിന്റെ ഓർമ്മയിൽ ഒരു ലൈബ്രറി ഇപ്പോൾ വട്ടവടയിൽ നിർമ്മിക്കുന്നുണ്ട്.
“ഗ്രാമസഭാ യോഗങ്ങളിൽ അവൻ പങ്കെടുക്കുമായിരുന്നു. ഗ്രാമത്തിന് പ്രയോജനം ഉണ്ടാവുന്ന തരത്തിലുള്ള പുത്തൻ ആശയങ്ങൾ അവൻ എല്ലായ്‌പ്പോഴും അവതരിപ്പിച്ചിരുന്നു. സ്കൂളിന്റെ പുരോഗതിയും ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സംബന്ധിച്ച് അവൻ നിർദ്ദേശങ്ങൾ നൽകുമായിരുന്നു. അത്തരമൊരു യോഗത്തിലാണ് ഗ്രാമത്തിന് ഒരു ലൈബ്രറി വേണമെന്ന് അവൻ പറഞ്ഞത്,” വട്ടവട പഞ്ചായത്തിലെ ഒരു ജീവനക്കാരൻ ഓർത്തു.

അഭിമന്യുവിന്റെ കുടുംബത്തിന് വിവിധ തലത്തിൽ നിന്നുമുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിലും, ഈ പ്രദേശത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ ഒരു ലൈബ്രറിവന്നതുകൊണ്ടോ സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ടോ മാത്രം പരിഹരിക്കാനാവുന്നതല്ല. ഇത്തരം പ്രദേശങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങളിലേക്ക് സർക്കാരും മാധ്യമങ്ങളും ശ്രദ്ധ തിരിക്കേണ്ടതും ആവശ്യമാണ്.

അഭിമന്യു കൊലപാതകത്തിലെ 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയതു നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (21) ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു . ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസാണ് (ചിപ്പു–23) അഭിമന്യുവിനെ പിടിച്ചു നിർത്തി കൊടുത്തത്. മഹാരാജാസ് കോളജിലെ തന്നെ ഡിഗ്രി വിദ്യാർഥി ജെ. ഐ. മുഹമ്മദാണു കൊലയാളിക്ക് അഭിമന്യുവിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കെതിരെയാണു കൊലപാതകം നടന്ന് എൺപത്തിയഞ്ചാം ദിവസം അസി. കമ്മിഷണർ എസ്. ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം, കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണു നീക്കം. കേസിലെ പ്രതികളെല്ലാം എസ്. ഡി. പി. ഐ, പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘടനകളിലെ സജീവ പ്രവർത്തകരും ഭാരവാഹികളും ആണ്. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ–ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ വിദ്യാർഥികൾ തമ്മിലുണ്ടായ സ്പർധയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. ജൂലൈ രണ്ടിനു പുലർച്ചെ 12.30–ന് നടന്ന ആക്രമത്തിൽ അഭിമന്യുവിന്റെ കൂട്ടുകാരൻ അർജുൻ കൃഷ്ണക്കും കുത്തേറ്റിരുന്നു.

കേരളത്തിൽ നടന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല്പത്തിഅഞ്ച് വർഷത്തിനിടയിൽ മുപ്പത്തേഴ് പേർ ഇവിടുത്തെ കോളേജ് ക്യാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിൽ നിന്നും പ്രധാനപ്പെട്ട പല രാഷ്ട്രീയ മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അഭിമന്യുവിന്റെ കൊലപാതകം കേരളത്തിന്റെ ജനായത്ത മൂല്യങ്ങളിൽ വന്ന കനത്ത വിള്ളലാണ്.

Leave a Reply

Your email address will not be published. Required fields are marked *