Fri. Apr 26th, 2024

രാഷ്ട്രീയത്തിലേക്ക് നിങ്ങളുടെ പ്രവേശനം എങ്ങനെയായിരുന്നു?

ഞാൻ ജനിച്ചതും വളർന്നതും ദേവികുളം എസ്റ്റേറ്റിൽ ഒരു ഒറ്റമുറി വീട്ടിലാണ്. ഞങ്ങൾ ഏഴ് പേരുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ ആയിരുന്നു. വളരെ വിഷമം പിടിച്ച ഒരു കുട്ടിക്കാലമായിരുന്നു. കമ്പനി സ്കൂളുകളുണ്ടായിരുന്നു. 6 വയസ്സായപ്പോൾ അതിലൊന്നിൽ എന്നെ ചേർത്തു. ഞങ്ങളിലാർക്കും തന്നെ സ്വന്തമായി ഭൂമിയില്ല. രാഷ്ട്രീയമില്ലാതെ ഞങ്ങൾക്ക് മൂന്നാറിൽ ജീവിക്കാൻ പറ്റില്ല. യൂണിയൻ വഴിയാണ് ഞങ്ങൾക്ക് വായ്പ ലഭിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ ഒരു പർട്ടിയുടെ ഭാഗത്തു നിൽക്കാൻ നിർബ്ബന്ധിതരാവുന്നു. ഞങ്ങൾ എന്നും അവരുടെ നിയന്ത്രണത്തിലാണ്.

കേരളരാഷ്ട്രീയത്തെ അടുത്തുനിന്നും നിരീക്ഷിക്കുന്ന ആർക്കും ഗോമതിഅക്കയെ അറിയാമായിരിക്കും. 2015 ലാണ് “പെമ്പിളൈ ഒരുമൈ” എന്ന പേരിൽ ഒരു കൂട്ടം സ്ത്രീകൾ തോട്ടം തൊഴിലാളികളുടെ വേതനത്തിന്റെ അവകാശങ്ങൾക്കുവേണ്ടി മൂന്നാറിൽ ഒരു സമരം തുടങ്ങിയത്. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗോമതി ഇപ്പോൾ ഒരു വാർഡ് മെംബർ ആണ്. അക്ക അതായത്, സഹോദരി എന്നാണ് അവർ അറിയപ്പെടുന്നത്. വോക് ജേർണലുമായുള്ള സംഭാഷണത്തിൽ, പെമ്പിളൈ ഒരുമൈയുടെ കാര്യത്തിൽ എന്താണ് തെറ്റുപറ്റിയത്, മൂന്നാറിലെ അവസ്ഥ, അഭിമന്യുവിന്റെ കൊലപാതകം എന്നിവയെക്കുറിച്ച് ഗോമതി അക്ക മനസ്സു തുറക്കുന്നു

പെമ്പിളൈ ഒരുമൈയുടെ തുടക്കം എപ്പോഴായിരുന്നു? സമരം എങ്ങനെയാണ് ആരംഭിച്ചത്?

ഞാൻ ഒരു ഫാക്ടറി തൊഴിലാളി ആയിരുന്നു. ഞങ്ങൾക്ക് തരുന്ന ബോണസ്സിൽ കുറവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. 10 ശതമാനമേ ബോണസ്സായി തരൂ എന്നു പറഞ്ഞു. മുമ്പ് 20 ശതമാനം തന്നിരുന്നു. ആ സമയത്താണ് ഞങ്ങൾ ബോണസ്സ് സ്വീകരിക്കുന്നില്ലെന്നു തീരുമാനിച്ച് സമരം തുടങ്ങിയത്. കെ ഡി എച്ച് പി. എൽ (കണ്ണൻ ദേവൻ ഹിൽ‌സ് പ്ലാന്റേഷൻ ലിമിറ്റഡ്) ന്റെ ലാഭത്തിലുണ്ടായ കുറവും, തേയിലയുടെ വില കുറയുന്നതുമാണ് ഞങ്ങളുടെ ബോണസ് വെട്ടിക്കുറയ്ക്കാൻ കാരണമായി പറഞ്ഞത്. ഒരു ദിവസത്തിൽ 12 മണിക്കൂർ ജോലി ചെയ്തിട്ട് ഞങ്ങൾക്ക് കിട്ടുന്ന ശമ്പളം ദിവസം 232 രൂപയാണ്. വേറെ ആനുകൂല്യങ്ങളൊന്നും ഞങ്ങൾക്ക് തന്നിരുന്നില്ല. “അടുത്തവർഷം ആലോചിക്കാം” എന്നാണ് കമ്പനിയുമായുള്ള ചർച്ചകൾക്കുശേഷം രാഷ്ട്രീയപ്പാർട്ടികൾ ഞങ്ങളോട് പറഞ്ഞത്. തൊഴിലാളികൾ നിരാശരായി.

ഇത് സമരം തുടങ്ങാൻ ഒരു അവസരമായി ഞങ്ങൾ കണക്കാക്കി. പെമ്പിളൈ ഒരുമൈയുടെ ആദ്യസമരം. സെപ്റ്റംബർ2 നാണ് തൊഴിലാളികൾ എന്നോട് സമരത്തിൽ പങ്കുചേരാൻ പറയുന്നത്. സെപ്റ്റംബർ 5 ന് ഞങ്ങൾ ദേവികളത്തുനിന്നും മുന്നാർ വരെ റാലി നടത്തി. മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അടുത്തുള്ള തോട്ടങ്ങളിലെ തൊഴിലാളികളും ഞങ്ങൾക്കൊപ്പം ചേർന്നു. തിങ്കളാഴ്ച ആയപ്പോഴേക്കും അവരിൽ ഭൂരിഭാഗവും സമരത്തിൽ പങ്കുചേർന്നു.

ഇതിനെതിരായി ഒരു പ്രചരണം നടത്തിയിരുന്നെങ്കിലും സമരം തുടരുകയും മാദ്ധ്യമശ്രദ്ധ കിട്ടുകയും ചെയ്തു. റിപോർട്ടർ ചാനലിലെ യദു നാരായണനും, ഏഷ്യാനെറ്റിലെ സംഗീതുമാണ് ഈ പ്രശ്നം പുറം ലോകത്തേക്കും മാദ്ധ്യമങ്ങളിലേക്കും എത്തിക്കാൻ ഞങ്ങളെ സഹായിച്ചത്. ഇക്കാര്യത്താൽ അവരുടെ ജീവന് ഭീഷണി വരെയുണ്ടായി.ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. സമരം 9 ദിവസം തുടരുകയും കമ്പനി ബോണസ് 20 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. സമരം വിജയകരമായെങ്കിലും അതിനുശേഷം ജീവിതം ഒരു പോരാട്ടമായി മാറി.

വേതനം 500 രൂപ ആയി വർദ്ധിപ്പിക്കുന്നതുവരെ സമരം തുടരാൻ ഞങ്ങൾ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുകയും, തോട്ടം തൊഴിലാളികൾ ഇത്രയും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയില്ലായിരുന്നെന്നും ഇതിന്റെ കാര്യം നോക്കി വേണ്ടത് ചെയ്തോളാമെന്ന് ഉറപ്പുതരുകയും ചെയ്തു. ഈ സമയത്താണ് ലിസി പെമ്പിളൈ ഒരുമൈയിൽ ചേരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് തീരുമാനിച്ചെങ്കിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. ഇത് പിന്നീട് വേർതിരിവിന് വഴിവെച്ചു.

മൂന്നാറിലെ ഭൂമിയുടെ ഉടമസ്ഥർ ആരാണ്?

അത് ഭൂരിഭാഗവും പുറമെനിന്നുള്ള ആൾക്കാരാണ്. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയില്ല. ഒരുപാട് രാഷ്ട്രീയക്കാർക്ക് വ്യാജരേഖയിലുള്ള ഭൂമിയുണ്ട്. പക്ഷെ അതൊരു പ്രശ്നമാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഇക്കാര്യത്തിൽ പരസ്പരം സഹായിക്കുന്നുണ്ട്. അവരിൽ പലർക്കും ആയിരക്കണക്കിന് ഏക്കർ ഭൂമി സ്വന്തമായുണ്ട്. അവർക്ക് ചുരുങ്ങിയത്, 5 സെന്റ് വീതമെങ്കിലും തോട്ടം തൊഴിലാളികൾക്ക് നൽകിക്കൂടേ? ‘ഗോമതി, ഞങ്ങൾക്ക് 3 സെന്റ് ഭൂമിയെങ്കിലും നേടിത്തരൂ” എന്നാണ് തൊഴിലാളികൾ എന്നോടു പറയുന്നത്. അതുമാത്രമാണ് അവർ ചോദിക്കുന്നത്. ഈ പ്രശ്നങ്ങൾ മുന്നോട്ടുകൊണ്ടുവരാൻ മാദ്ധ്യമങ്ങൾ പോലും ഭയപ്പെടുന്നു.

ഭൂമിയെ സംബന്ധിച്ചുള്ള കാര്യമാണ് ഞങ്ങൾ നേരിടുന്ന ഒരു വലിയ പ്രശ്നം. 2015 ലെ പെമ്പിളൈ ഒരുമൈ സമരത്തിനുശേഷം ഈ പ്രശ്നത്തിന് പിന്നീട് ഒരു പ്രാമുഖ്യവും നൽകിയില്ല. ഈ അവസ്ഥ മാറാനാണ് ഞാൻ കാത്തിരിക്കുന്നത്. ഞാൻ ഒറ്റയ്ക്കു സമരം ചെയ്യും. ഈ ഭൂമി ഞങ്ങളുടെ സ്വന്തമാണ്. ആരാണ് കൂടെ നിൽക്കുന്നത് ആരാണ് കൂടെ നിൽക്കാത്തത് എന്നത് കാര്യമാക്കുന്നില്ല. ഞാൻ എതിരിടും.

വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും കാര്യങ്ങൾ എങ്ങനെയാണ്?

അടിസ്ഥാന വിദ്യാഭ്യാസം തമിഴ് ആയിരുന്നതുകൊണ്ട് മിക്ക കുട്ടികളും ഉയർന്ന വിദ്യാഭ്യാസത്തിനായി പോകുന്നില്ല. വിദ്യാഭ്യാസം കൊണ്ട് എന്താണ് കാര്യം? ഞങ്ങളുടെ കുട്ടികൾ തോട്ടത്തിലോ കോട്ടേജിലോ ജോലിയെടുക്കണം. ഒരാളും ശരിക്കും കാര്യമാക്കുന്നില്ല. ഇതിനെക്കുറിച്ച് ഞങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് തമിഴ്‌നാട്ടിലേക്കു പൊയ്ക്കൂടേ എന്നാണ് ചോദിക്കുന്നത്. തമിഴ്‌നാടല്ല ഞങ്ങളുടെ നാട്. ഇതാണ്.

പഞ്ചായത്തിൽ എങ്ങനെയാണ് നിങ്ങൾ ജോലി കണ്ടെത്തുന്നത്?

എനിക്ക് ജോലി ചെയ്യാൻ ഒരു ഇടം തന്നിട്ടില്ല. എന്റെ വാർഡിലെ ഏതെങ്കിലും വീട്ടിൽ ഞാൻ പോയാൽ അധികാരികളുടെയടുത്ത് കമ്പനി പരാതി പറയും. അപ്പോൾ ആ വീട്ടുകാർക്ക് പ്രശ്നമാവും.

സമരം പുനരുജ്ജീവിപ്പിക്കാൻ അവരോട് നിങ്ങൾ പറയുമ്പോൾ തോട്ടം തൊഴിലാളികളിൽ നിന്ന് നിങ്ങൾക്ക് നല്ല പ്രതികരണമാണോ ലഭിക്കുന്നത്? അവർ ഭയപ്പെടുന്നുണ്ടോ?

അവർക്ക് പേടിയുണ്ടാവില്ലേ? 2015ൽ നടന്ന പ്രതിഷേധസമരത്തിൽ പങ്കെടുത്തതിന് അവരിൽ 25 പേർക്കെതിരെ ഇന്നലെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയപാതയിൽ തടസ്സം സൃഷ്ടിച്ചതിനാണ് അവർക്കെതിരെ കേസ്. സി പി എം (മാവോയിസ്റ്റ്) ന്റെ കൂടെച്ചേർന്ന് പ്രവർത്തിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവർ മനോജിനെ അറസ്റ്റുചെയ്തത്. ഈ സമരം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് മനോജാണെന്നും അവർ പറഞ്ഞുപരത്തിയിരുന്നു. ഇത് എന്റെ പ്രശ്നമാണ്. ഇവിടെയാണ് ഞാൻ വളർന്നത്. സമരം അതിനുവേണ്ടി ചെയ്യുകയും ചെയ്യും. അതിനെന്തിനാണ് എന്നെ ആരെങ്കിലും പ്രേരിപ്പിക്കുന്നത്?

പെമ്പിളൈ ഒരുമൈയ്ക്ക് എന്താണ് സംഭവിച്ചത്?

അത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എം എം മണിയുടെ പ്രശ്നം വന്നപ്പോൾ അവർക്ക് എന്നെ പേടിയായി. അതിലുള്ളവർ തന്നെയാണ് ഞാൻ എ. ഐ. ഡി. എം. കെയിൽ ചേർന്നു എന്ന് ആരോപിച്ചത്. ആ സംഘടയ്ക്കുള്ളിൽത്തന്നെ വിശ്വാസം തകർന്നു.

എപ്പോഴാണ് നിങ്ങൾ സി. പി എം ഉം ആയി സഹകരിക്കാൻ തീരുമാനിച്ചത്? പിന്നെ ഈ തീരുമാനം മാറ്റാൻ എന്താണ് കാരണം?

പെമ്പിലൈ ഒരുമൈയിൽ നിന്ന് വിട്ടശേഷം, എന്നോട് ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ അച്ഛനാണ് പറഞ്ഞത്. തോട്ടം തൊഴിലാളികൾക്ക് 10 സെന്റ് ഭൂമി നൽകുമെന്ന് പാർട്ടിയിലെ ഒരു മുതിർന്ന എം എൽ എ ഉറപ്പുനൽകി. തേയിലക്കമ്പനിയിലെ വേതനപ്രശ്നത്തിൽ ഇറ്റപെടാൻ വേണ്ടി, എന്നെ പ്ലാന്റേഷൻ ലേബർ കമ്മറ്റിയുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്യാമെന്നും പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. പക്ഷേ യാതൊരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. അത് അധാർമ്മികമായി തോന്നിയതുകൊണ്ടാണ് ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചത്.

ഒരു ബദൽ സംവിധാനത്തിന് മൂന്നാറിൽ സാദ്ധ്യതയുണ്ടോ?

അങ്ങനെയൊരു മുന്നണിയുടെ ആവശ്യമുണ്ട്. പക്ഷേ അവർ ഞങ്ങളെ വളരാൻ അനുവദിക്കില്ല. രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തനം നടത്താതെ മൂന്നാറിൽ ജീവിയ്ക്കാൻ പ്രയാസമാണ്. എല്ലാ വലിയ രാഷ്ട്രീയപ്പാർട്ടിയ്ക്കും അവരുടെ യൂണിയൻ ഉണ്ട്. ഇപ്പോൾ കിട്ടുന്ന വേതനം മാത്രം കൊണ്ട് ജീവിയ്ക്കാൻ ആർക്കും സാദ്ധ്യമല്ല. ഇത്തരം യൂണിയനിലൂടെയേ വായ്പ കിട്ടൂ. ഇത്തരം വായ്പയെടുത്താണ് ഞങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ട്, ഒരു പ്രാവശ്യം യൂണിയന്റെ ഭാഗമായാൽ നിങ്ങൾ എപ്പോഴും അവർക്ക് കടപ്പെട്ടിരിക്കും. വാസ്തവത്തിൽ ഇതാണ് മൂന്നാറിൽ നടക്കുന്നത്. എന്തെങ്കിലും പോലീസ് കേസുണ്ടായാലും ഞങ്ങൾക്ക് പാർട്ടി നേതാവിനെ കൊണ്ടുവന്നേ പറ്റൂ. പാർട്ടി നേതാക്കൾ പറയുന്നതനുസരിച്ചേ പോലീസ് നടപടിയെടുക്കൂ.

മുഖ്യധാരയിലെ രാഷ്ട്രീയപ്പാർട്ടികൾ ഈ പ്രശ്നം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ്?

വർഷങ്ങളായി ഞങ്ങൾ എല്ലാത്തരം അടിച്ചമർത്തപ്പെടലിനെതിരെയും നിശബ്ദത പാലിക്കുകയാണ്. അടിമകളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്. വേതനം അളരെ കുറവാണ്. ഒറ്റമുറിയുള്ള വീടാണ് ഞങ്ങൾക്കുള്ളതും. നല്ല ആശുപത്രികളോ സ്കൂളുകളോ ഞങ്ങൾക്കില്ല. ഇത്രയും കാലം, എല്ലാ പാർട്ടികളും ഭരിച്ചിട്ടും കാര്യങ്ങൾക്കൊന്നും മാറ്റം വന്നിട്ടില്ല. പാർട്ടികൾ ഞങ്ങളെ ഉപയോഗിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് പ്രശ്നം അവരെ ഏൽപ്പിക്കാൻ വിശ്വാസമില്ല. പെമ്പിളൈ ഒരുമൈ സമരത്തിന് നല്ലതോതിൽ മാദ്ധ്യമശ്രദ്ധ കിട്ടിയതിനുശേഷമാണ് അവർ ഞങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തയ്യാറായത്. അവർ അതിന് നിർബ്ബന്ധിക്കപ്പെടുകയായിരുന്നു.

ഇപ്പോൾ തോട്ടം തൊഴിലാളികളുടെ സ്ഥിതി എതാണ്?

ഈ കാലാവസ്ഥയിൽ രാവിലെ മുതൽ വൈകുന്നേരം വരെ ജോലിയെടുക്കുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. അവർക്ക് ഷൂസോ റെയിൻ‌കോട്ടോ നൽകിയിട്ടില്ല. കൂലിയും വളരെ കുറവാണ്. അവർ അധികാരത്തിൽ വന്നാൽ, കൂലിയിൽ 500രൂപ വർദ്ധിപ്പിക്കുമെന്ന് പിണറായി വിജയൻ ഇവിടെ വന്നപ്പോൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, അത് നടപ്പിലാക്കിയില്ല. ഒരാളും കാര്യമാക്കിയില്ല. സർക്കാർ മാത്രമാണ് മാറുന്നത്. ഇവിടത്തെ അവസ്ഥ പഴയപടി നിൽക്കുന്നു. അവരിപ്പോൾ ആസാമിൽ നിന്നും വടക്കുള്ള സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കാരെ കൊണ്ടുവരുന്നു. എന്നിട്ട് ഞങ്ങളോട് തമിഴ് ‌നാട്ടിലേക്ക് തിരിച്ചുപോകാൻ പറയുന്നു. ഞങ്ങൾ എന്തിനു പോകണം? ഞങ്ങൾ ഇവിടുത്തുകാരാണ്.

ജാതിവ്യവസ്ഥ എങ്ങനെയാണ് ഇവിടെ?

ജാതി ഇവിടെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, ചക്ലിയ സമുദായത്തെ നോക്കൂ. അവരുടെ ഭാഷ തെലുങ്കാണ്. അവർ ആന്ധ്രയിൽ നിന്നും കുടിയേറിയവരാണ്. അവർ എല്ലാവരേയും “അമ്മ” “അയ്യ” എന്നാണ് വിളിക്കുന്നത്. പഞ്ചായത്തിലും കോട്ടേജുകളിലും തോട്ടിപ്പണിയാണ് അവർക്കു നൽകുന്നത്. ഇങ്ങനെയല്ലേ ജാതി നടപ്പിലാക്കുന്നത്? അവരുടെ ഭൂമി പുറമെയുള്ളവരും രാഷ്ട്രീയക്കാരും തട്ടിയെടുത്തു. റിസോർട്ടുകളും കോട്ടേജുകളും ഇത്തരം സ്ഥലങ്ങളിലാണ് നിർമ്മിക്കുന്നത്. മുന്നോക്കജാതിക്കാർ ഇവരുടെ പേരിൽ സർക്കാരിൽ നിന്നും ഭൂമി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം മാധ്യമശ്രദ്ധ വീണ്ടും മൂന്നാറിലേക്ക് തിരിഞ്ഞു. എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായം?

എല്ലായ്പോഴും ഒരു ആദിവാസിയോ ദളിതനോ ആണ് കൊലചെയ്യപ്പെടുന്നത്. അവന്റെ ഫേസ്ബുക്കിൽ നോക്കൂ, വിശപ്പിനെക്കുറിച്ചാണ് അവൻ സംസാരിക്കുന്നത്. അതാണ് ഇവിടുത്തെ യഥാർത്ഥ അവസ്ഥ. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് വാർത്തയാകുന്നുണ്ടെങ്കിലും പതിയെ അത് മാഞ്ഞുപോകുന്നു. വട്ടവടയിലെ ഒറ്റമുറിവീടുകളെക്കുറിച്ച് അവർ പറയുന്നു. പക്ഷെ, ഞങ്ങൾ എപ്പോഴും അങ്ങനെയുള്ളിടത്താണ് താമസിക്കുന്നത്. ഇവിടത്തെ സാമൂഹികാവസ്ഥ അതാണ്. അവന്റെ പേരിൽ ഒരു ലൈബ്രറി നിർമ്മിക്കാനാണ് അവരിപ്പോൾ പദ്ധതിയിടുന്നത്. അവർ മൂന്നാറിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചിരുന്നെങ്കിൽ.

Leave a Reply

Your email address will not be published. Required fields are marked *