ധാക്ക, ബംഗ്ലാദേശ്
2015 ൽ ബസ്സിന് തീപ്പിടിച്ച് എട്ടുപേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട്, മുൻ പ്രധാനമന്ത്രി ഖാലിദ സിയയേയും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ മറ്റു 48 പേരേയും ഏപ്രിൽ 24 നു മുമ്പ് അറസ്റ്റുചെയ്യാൻ ബംഗ്ലാദേശിലെ ഒരു കോടതി, പൊലീസിന്, ഞായറാഴ്ച ഉത്തരവു നൽകി.
കോമില്ല കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് ജൊയ്നാബ് ബീഗം ആണ് ഈ ഉത്തരവു പുറപ്പെടുവിച്ചതെന്നും, കേസിന്റെ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 24 ലേക്കും തീരുമാനിച്ചുവെന്നും ഇൻസ്പെക്ടർ സുബ്രത ബാനർജി പറഞ്ഞതായി ‘ധാക്ക ട്രൈബ്യൂൺ’ റിപ്പോർട്ടു ചെയ്തു.
കോടതി ജനുവരി രണ്ടിന് 69 പേർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിക്കുകയും, കോടതിയിൽ ഹാജരാവാതിരുന്ന ബി എൻ ബി അദ്ധ്യക്ഷയ്ക്കും, മറ്റുള്ളവർക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമാണുണ്ടായത്.
ഫെബ്രുവരി 3 2015 ന് ബി എൻ പി യും സഖ്യകക്ഷികളും രാജ്യവ്യാപകമായി നടത്തിയ ഉപരോധസമരത്തിനിടയ്ക്ക്, അക്രമികൾ ചൌഡഗ്രാമിലെ ജോഗ്മോഹൻപൂരിൽ ഒരു ബസ്, പെട്രോൾ ബോംബ് വെച്ച് കത്തിച്ചതിൽ എട്ടോളം പേർ കൊല്ലപ്പെടുകയും, 20 പേർക്കു പരിക്കു പറ്റുകയും ചെയ്തിരുന്നു.
സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചതിന് എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് വകുപ്പു പ്രകാരവും, കൊലയ്ക്ക് വേറെ വകുപ്പു പ്രകാരവും രണ്ടു കേസുകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ടിട്ട് എടുത്തിട്ടുള്ളത്.
ചൌഡഗ്രാം പൊലീസ് സബ് ഇൻസ്പെക്ടർ നൂറുസ്സമാൻ, ഖാലിദ സിയ അടക്കമുള്ള 77 പേർക്കെതിരെയുള്ള കൊലപാതകക്കുറ്റത്തിന്റെ കേസ് എടുത്തു.
സ്ഫോടനം നടത്തിയ കേസിന്റെ പേരിൽ ഖാലിദ സിയയേയും 45 പേരേയും അറസ്റ്റു ചെയ്യാൻ, കോമില്ല കോടതി കഴിഞ്ഞ വർഷം ഒക്ടോബർ 9ന് ഉത്തരവിട്ടിരുന്നു.
1991 മുതൽ 96 വരെയും, 2001 മുതൽ 2006 വരെയും ഖാലിദ സിയ, ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആയിട്ടുണ്ട്.
40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ പലവട്ടം ജയിലിൽ പോയിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. 1980 നും 1990 നും ഇടയ്ക്ക്, ആന്റി – എർഷാദ് സമരത്തിന്റെ സമയത്ത് പലവട്ടം പിടിക്കപ്പെട്ടിട്ടുണ്ട്.
1983 മാർച്ചിൽ, മുൻ ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന ഭർത്താവ് സിയാ ഉർ കൊല ചെയ്യപ്പെട്ടപ്പോൾ, അവർ ബി എൻ പി യുടെ ഉപാദ്ധ്യക്ഷ ആയി. 1984 ൽ പാർട്ടിയുടെ അദ്ധ്യക്ഷ ആവുകയും ഇന്നുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബംഗ്ലാദേശിലെ രാഷ്ട്രീയത്തെ അടക്കിഭരിക്കുന്നത് സിയയും, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുമാണ്.