ലണ്ടൻ
ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് ക്യൂവിൽ നിൽക്കുകയായിരുന്ന തന്റെ അതിഥിയുടെ തലപ്പാവ് അഴിച്ചെടുത്ത്, വംശീയ ആക്രമണം നടത്തിയതിൽ യു. കെ യിലെ പാർലമെന്റ് അംഗം തൻമൻജീത് എസ് ധേസി വ്യാഴാഴ്ച ശക്തമായി അപലപിച്ചു.
പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പഞ്ചാബുകാരനായ രവ്നീത് സിംഗ്, തന്റെ പ്രവർത്തനകാര്യങ്ങൾ (Slough) എം പി ആയ തൻമൻജീതിനോട് ചർച്ച ചെയ്യാൻ എത്തിയതായിരുന്നു.
പോർട്ട്കള്ളിസ് ഹൌസിന്റെ പുറത്ത് ക്യൂ നിൽക്കുകയായിരുന്ന സിംഗിനെ, അക്രമി “മുസ്ലീമുകൾ വീട്ടിൽ പോകൂ” എന്നു പറഞ്ഞ് തലപ്പാവ് അഴിച്ചെടുക്കാൻ നോക്കുകയായിരുന്നു.
“ബുധനാഴ്ച രാത്രി ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ ക്യൂ നിൽക്കുകയായിരുന്ന തന്റെ അതിഥിയുടെ തലപ്പാവ് അഴിച്ചെടുക്കാൻ നോക്കിയതിൽ വളരെ ദേഷ്യം തോന്നി” എം പി പറഞ്ഞു.
“എക്കോസിക്ക് എന്ന സ്ഥാപനത്തിൽ നിന്ന് അവരുടെ പരിസ്ഥിതിപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ മൂന്ന് ആഴ്ചയ്ക്ക് ഇന്ത്യയിൽ നിന്നെത്തിയതാണ് രവ്നീത് സിംഗ്” അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് അവർ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം അക്രമിയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ വെച്ച് താൻ ഇത്തരത്തിൽ ഒരു സംഭവം നേരിട്ടിട്ടുണ്ടെന്നും സിക്കുകാർക്കെതിരെയുള്ള ഇത്തരം വംശീയവിദ്വേഷം സർക്കാർ കൃത്യമായിട്ട് ശ്രദ്ധിക്കണമെന്നും രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വംശീയ വിദ്വേഷപരമായ കുറ്റകൃത്യങ്ങളിൽ സർക്കാർ സിക്കുകാരെ തികച്ചും അവഗണിക്കുകയാണെന്ന് മുമ്പും പല അവസരങ്ങളിലും സർക്കാരിന് ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ നടപടിയെടുക്കേണ്ടതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ ഇരയുടെ ആത്മാഭിമാനത്തിനു മുറിവേൽപ്പിക്കുമെന്നും ഈ രാജ്യത്തെ മോശമായി അറിയപ്പെടാൻ കാരണമാവും എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ നിന്ന് ഈ തിന്മയും വിവേചനവും നീക്കം ചെയ്യാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.