Sun. Jan 19th, 2025

ന്യൂഡൽഹി

Arvind_anshuq22
ചീഫ് സെക്രട്ടറിയ്ക്കെതിരെ കൈയേറ്റം; എം എൽ എ മാർ അറസ്റ്റിൽ. ജാതി പറഞ്ഞുള്ള അവഹേളനമെന്ന് എം എൽ എ മാർ

ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെതിരെ കൈയേറ്റം നടന്നതിൽ പ്രതിഷേധിച്ച്, സമാധാനപരമായ പ്രതിഷേധം നടത്താൻ, ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ, എല്ലാ അസോസിയേഷനിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കോ ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു.

ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവ്വീസ് (ഐ എ എസ്) ഡൽഹി, ആൻഡമാൻ, ആൻഡ് നിക്കോബാർ ഐലൻഡ്സ് സിവിൽ സർവ്വീസസ് (DANICS) ഡൽഹി അഡ്മിനിസ്റ്റ്രേഷൻ സബോർഡിനേറ്റ് സർവ്വീസ് (DASS), ഒപ്പം മറ്റുള്ള ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകളും ഔപചാരികമായ എഴുത്തുകുത്തുകളിലൂടെ മാത്രം സംവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഡൽഹി ജൽ ബോർഡ് എം‌പ്ലോയീസ് യൂണിയൻ, പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരുടെ യൂണിയൻ, പട്‌വാരി, കണുംഗോസ് യൂണിയൻ, വേറെയും പല ഉദ്യോഗസ്ഥരും പ്രതിഷേധത്തിൽ പങ്കു ചേർന്നു.

സർക്കാരുദ്യോഗസ്ഥരുടെ അന്തസ്സിന് കോട്ടം വരരുതെന്നു പ്രസ്താവിച്ച്, രാജ്യത്തെ പല സർവ്വീസ് സംഘടനകളും ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ എടുത്ത തീരുമാനത്തെ അംഗീകരിച്ചു.

ആം ആദ്മി പാർട്ടിയിലെ രണ്ട് എം എൽ എ മാർ ചേർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് ചീഫ് സെക്രട്ടറി, പൊലീസിൽ പരാതി നൽകിയത്.

ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെന്നപ്പോൾ, അരവിന്ദ് കെ‌ജ്‌രിവാളിന്റെ മുന്നിൽ വെച്ചാണ് ആക്രമിച്ചതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

അതേ സമയം ജാതി പറഞ്ഞുള്ള അവഹേളനമാണെന്ന് ആം ആദ്മി പാർട്ടിയും പറഞ്ഞു.

“ഞങ്ങൾ ചീഫ് സെക്രട്ടറിക്കെതിരായി ഇതേ പരാതി നൽകി. അദ്ദേഹത്തെ അറസ്റ്റു ചെയ്തോ? സർക്കാരിനും മുകളിലാണോ അദ്ദേഹം? ഞങ്ങളുടെ പരാതിയിൽ നടപടിയെടുക്കാതെ അദ്ദേഹത്തിന്റെ പരാതിയിൽ ഇത്ര പെട്ടെന്ന് കേസ് എടുത്തത് എന്തിനാണ്?” ആം ആദ്‌മി പാർട്ടി കൌൺസിലർ പ്രേം ചൌഹാൻ ചോദിച്ചു.

ഒരു സഹപ്രവർത്തകന്റെ കൂടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിക്ക് ഖാൻപൂർ ട്രാഫിക് സിഗ്നലിനു സമീപത്തുവെച്ച്, ഏകദേശം 11 മണിക്ക് അദ്ദേഹത്തിന്റെ വാഹനം നിർത്തിച്ച് ജാർവാളിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ചൌഹാൻ പറഞ്ഞു.

“അദ്ദേഹം ഒരു കുറ്റവാളിയല്ല. ഞങ്ങൾ സഹകരിക്കുന്ന സ്ഥിതിയ്ക്ക് പൊലീസിന് പിറ്റേന്ന് രാവിലെ വരെ കാത്തുനിൽക്കാമായിരുന്നു. പിടികൂടുന്നതിനു പകരം അദ്ദേഹം ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകുമായിരുന്നു. ജാർവാളിന്റെ സഹപ്രവർത്തകനാണ് ഈ സംഭവം ഞങ്ങളോടു പറഞ്ഞത്” ചൌഹാൻ പറഞ്ഞു.

എം എൽ എ യെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.

“ഞങ്ങൾ ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് വേറൊരു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എം എൽ എ യെ കാണാൻ സാധിച്ചിട്ടില്ല. അദ്ദേഹം ഒരു തീവ്രവാദി അല്ല. ജാർവാളിനെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞേ തീരൂ.” ചൌഹാൻ പറഞ്ഞു.

ചീഫ് സെക്രട്ടറിയ്ക്കെതിരായി പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷനിലും സംഗം വിഹാർ പൊലീസ് സ്റ്റേഷനിലും ജാർവാൾ പരാതി നൽകിയിട്ടുണ്ട് എന്നും ചൌഹാൻ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെ യോഗത്തിൽ വെച്ച് തന്റെ നേർക്ക് ജാതീയമായ അഭിപ്രായം പറഞ്ഞു എന്നാണ് പരാതിയിൽ എം എൽ എ ആരോപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *