ഹൈദരാബാദ്, തെലുങ്കാന

നീരവ്മോദി കുംഭകോണത്തിൽ രാജ്യം മുഴുവൻ ഞെട്ടിയിരിക്കുമ്പോൾ, ബാങ്കിന്റെ പ്രവർത്തനത്തിൽ രാഷ്ട്രീയത്തിന്റേയും സർക്കാരുകളുടേയും ഇടപെടൽ മൂലമുണ്ടാവുന്ന ഭീഷണിക്കു പരിഹാരത്തിനായി തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിൽകൂർ ബാലാജി ക്ഷേത്രത്തിൽ പ്രത്യേകപൂജയായ ചക്രഭജ മണ്ഡല അർച്ചന നടത്തി.
തട്ടിപ്പുകാർ എത്ര വലിയവരായിരുന്നാലും പണം അവരിൽ നിന്നു വീണ്ടെടുക്കാൻ ഇത്തരമൊരു പ്രാർത്ഥന ഫലം ചെയ്യുമെന്ന് മുഖ്യ പൂജാരികളായ ഡോ. സൌന്ദരരാജനും, സി എസ് ഗോപാലകൃഷ്ണനും പറഞ്ഞു.
“ഇതൊരു വലിയ പ്രതിസന്ധിഘട്ടമാണ്. ഇന്ത്യക്കാർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വൻകിട കമ്പനികൾ തട്ടിയെടുക്കുകയാണ്.” ഒരു പൂജാരി മാദ്ധ്യമങ്ങളോടു പറഞ്ഞു.
നരസിംഹമൂർത്തിക്കുള്ള പ്രാർത്ഥനയായിട്ട് ഭക്തർ, ചിൽകൂർ ക്ഷേത്രത്തിൽ, ഋണ വിമോചന നരസിംഹ സ്ത്രോത്ര സഹസ്രനാമാർച്ചന നടത്തി.
വഴിതെറ്റിയ ബാങ്കിംഗ് സമ്പ്രദായത്തെ നേർവഴിയിലാക്കാൻ വേണ്ടി പ്രാർത്ഥന നടത്താൻ പൂജാരികൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.