അഗർത്തല
ഞായറാഴ്ച നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ രാവിലെ 9 മണി വരെ 11% വോട്ടുകൾ രേഖപ്പെടുത്തി.
ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ അഗർത്തലയിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി. അദ്ദേഹം ധൻപൂർ മണ്ഡലത്തിലെ എം എൽ എ ആണ്.
60 സീറ്റിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പ് 3214 വോട്ടെടുപ്പു കേന്ദ്രങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും.
സി പി എം സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ്‌ബർമ്മ അന്തരിച്ചതിനാൽ ചാരിലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. അത് മാർച്ച് 12 നു നടക്കും.
ത്രിപുര തെരഞ്ഞെടുപ്പിൽ 23 സ്ത്രീകളടക്കം 292 പേരുടെ ഭാവി നിർണ്ണയിക്കും.
കഴിഞ്ഞ 25 വർഷമായി ത്രിപുര ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യെ അധികാരത്തിൽ നിന്നിറക്കാനാണ് ബി ജെ പി യും കോൺഗ്രസ്സും ശ്രമിക്കുന്നത്.
മാണിക്ക് സർക്കാർ നയിക്കുന്ന സർക്കാരിനെ പുറത്താക്കാൻ വേണ്ടി, ബി ജെ പി ഇൻഡീജീനിയസ് പീപ്പിൾസ് ഫ്രന്റ് ഓഫ് ത്രിപുര(Indigenous People’s Front of Tripura) യുമായി സഖ്യത്തിലാണ്. ബി ജെ പി 51 സീറ്റിലും ഐ പി എഫ് ടി (IPFT) ബാക്കിയുള്ള 9 സീറ്റിനു വേണ്ടിയും മത്സരിക്കുന്നു.
സി പി എം 57 സീറ്റിൽ മത്സരിക്കുന്നുണ്ട്. ബാക്കി അവരുടെ സഖ്യകക്ഷികൾക്ക് മത്സരിക്കാൻ ഓരോ സീറ്റു വീതം കൊടുത്തിരിക്കുകയാണ്.
കോൺഗ്രസ്സ് ഈ തെരഞ്ഞെടുപ്പ് ഒറ്റയ്ക്കു നേരിടുന്നു.
തെരഞ്ഞെടുപ്പുഫലം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടേതടക്കം മാർച്ച് 3 നു പ്രഖ്യാപിക്കും.