ഇസ്ലാമാബാദ്, പാക്കിസ്താൻ
ഹജ്ജ് തീർത്ഥാടനവേളയിൽ സൌദി അറേബ്യയിലേക്ക് “ഖുദ്ദാമുൽ ഹുജ്ജാജ്” അഥവാ സന്നദ്ധസേവകരായിട്ട് പാക്കിസ്താൻ ഭിന്നലിംഗക്കാരെ അയയ്ക്കുന്നു.
150 ആൺകുട്ടികളുടെ കൂട്ടത്തിന്റെ ഒരു ഭാഗമായിരിക്കും ഇവരും.
“ഖുദ്ദാമുൽ ഹുജ്ജാജുകളായിട്ട് സൌദി അറേബ്യയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു” ഐ പി സി സിന്ധ് ബോയ്സ് സ്കൌട്ട്സ് കമ്മീഷണർ ആതിഫ് അമീൻ ഹുസൈൻ സ്ഥിരീകരിച്ചു.
“സൌദി അറേബ്യയിലേക്കു എല്ലാ വർഷവും പോകുന്ന സ്കൌട്ട് കമ്മ്യൂണിറ്റിയിൽ ചേരാനായിട്ട് ബാക്കി മൂന്ന് പ്രവിശ്യകളിൽ നിന്നും രണ്ടോ മൂന്നോ വീതം ഭിന്നലിംഗക്കാരെ തെരഞ്ഞെടുക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധിലെ 40 ഭിന്നലിംഗക്കാരായ യുവാക്കൾ പാക്കിസ്താനിലെ വലിയ സന്നദ്ധസേവനസംഘടനയായ പാക്കിസ്താൻ ബോയ്സ് സ്കൌട്സ് അസോസിയേഷനിൽ ചേർന്നു.
“ഖുദ്ദാമുൽ ഹുജ്ജാജുമാരെ തിരഞ്ഞെടുക്കുന്നത് കായികപരിശീലനവും പരീക്ഷയും നടത്തിയാണ്. അതിനുശേഷം വിജയികളായ മത്സരാർത്ഥികളെ ഫെഡറൽ മിനിസ്ട്രി ഓഫ് റിലിജിയസ് അഫയേഴ്സ് ആൻഡ് ഇന്റർഫെയ്ത്ത് ഹാർമണിയിലേക്ക് അംഗീകാരത്തിനു അയയ്ക്കുന്നു. ഈ വർഷം ഈ ലിസ്റ്റിൽ ഭിന്നലിംഗക്കാരുമുണ്ട്” ഹുസൈൻ വിശദീകരിച്ചു.
ഭിന്നലിംഗക്കാർ പി ബി എസ് എ (Pakistan Boy Scouts Association (PBSA)) യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സാമൂഹിക അംഗീകാരത്തിലേക്കും, അവർക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നതിലേക്കും, സുരക്ഷ തോന്നിപ്പിക്കുന്നതിലേക്കും അവരെ നയിക്കുമെന്ന് ഹുസൈൻ അഭിപ്രായപ്പെട്ടു.
“സിന്ധിൽ നിന്നും 40 ഭിന്നലിംഗക്കാർ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, പഞ്ചാബിലും, ഖയ്ബർ പഖ്‌ടുംഖ്വായിലും, ബലൂചിസ്ഥാനിലും തിരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നു” ഭിന്നലിംഗക്കാരുടെ വെൽഫെയർ അസോസിയേഷനായ ബ്ലൂ വെയിൻസിന്റെ പ്രോഗ്രാം കോർഡിനേറ്റർ, ക്വമർ നസീം പറഞ്ഞു.
ഇതൊരു നല്ല മാറ്റമായിരിക്കുമെന്നും സമൂഹത്തിൽ ഭിന്നലിംഗക്കാർക്കുള്ള അംഗീകാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.