ന്യൂഡൽഹി

സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിൽ പ്രത്യേകാന്വേഷണസംഘത്തിന്റെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മൂന്ന് ഹരജികളിലെ വാദം സുപ്രീം കോടതിയിൽ തിങ്കളാഴ്ചയും തുടരും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് വാദം കേൾക്കുന്നത്.
ഈ സംഭവം വളരെ ഗുരുതരമാണ് എന്നു കണ്ടുകൊണ്ട്, 2014ൽ ദുരൂഹസഹാചര്യത്തിൽ മരിച്ച ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ഉന്നതന്യായാലയം ആവശ്യപ്പെട്ടിരുന്നു.
വിവിധ പൊലീസ് ഓഫീസർമാരും, ഭാരതീയ ജനതാ പാർട്ടിയുടെ അദ്ധ്യക്ഷനായ അമിത് ഷായും ഉൾപ്പെട്ടിരിക്കുന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ഖിന്റെ വ്യാജ ഏറ്റുമുട്ടൽ കേസിലെ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിൽ നല്ല രീതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാദ്ധ്യമപ്രവർത്തകൻ ബി എസ് ലോണെയും, സാമൂഹ്യപ്രവർത്തക തെഹ്സീൻ പൂനാവാലയും വ്യത്യസ്ത ഹരജികൾ സമർപ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചില കേസുകൾ ചില ബെഞ്ചിനു നൽകുകയാണെന്ന്, ജനുവരി 12 നു നടത്തിയ ഒരു പത്രസമ്മേളനത്തിൽ, ജസ്റ്റിസ്സുമാരായ കുര്യൻ ജോസഫ്, മദൻ ബി ലോക്കുർ, രഞ്ജൻ ഗോഗോയ്, ചലമേശ്വർ എന്നിവർ ആരോപിച്ചിരുന്നു.
അവർ ഉദ്ദേശിച്ച കേസുകളിൽ ഒന്ന് ജസ്റ്റിസ് ലോയയുടേതാണ്.