Thu. Dec 19th, 2024

ഛത്തർ‌പൂർ, മദ്ധ്യപ്രദേശ്

madhya_pradesh
ആശുപത്രിയിലെ സൌകര്യക്കുറവിനെതിരെ രോഗികളുടെ പരാതി

അധികൃതരുടെ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടി, മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു ആശുപത്രിക്കെതിരെ അവിടത്തെ രോഗികൾ പരാതി പറഞ്ഞു.

ചാന്ദ്‌ലയിലെ സാർവായിലെ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാർ, പരിശോധനയ്ക്ക് എത്താതിരിക്കുകയും, അവിടുത്തെ ജീവനക്കാർ അവരുടെ ജോലിയെടുക്കാൻ വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുന്നുവെന്നും ആണ് രോഗികൾ പരാതി പറഞ്ഞത്.

“ ഞാനിവിടെ പുലർച്ചെ 2 മണി മുതൽ ഇരിക്കുന്നു. ഇതുവരെ ആരും എന്നെയോ എന്റെ കുഞ്ഞിനേയോ പരിശോധിക്കാൻ വന്നില്ല. ഡിസ്‌ചാർജ്ജ് ചെയ്യാൻ പറഞ്ഞപ്പോൾ അതിനു പകരമായി പണം ചോദിച്ചു.” സംഗീത പറഞ്ഞു.

അസുഖക്കാരനായ ഒരു ബന്ധുവിനെ ഇവിടെ വിടാൻ വന്ന ആംബുലസിന്റെ ഡ്രൈവർ പണം ആവശ്യപ്പെട്ടെന്ന് വേറെ ഒരു രോഗി ആരോപിച്ചു.

“ഞങ്ങൾ ആംബുലൻസ് വിളിച്ചപ്പോൾ, ഡ്രൈവർക്ക് അഡ്രസ്സ് അറിയില്ലെന്നു പറഞ്ഞു. പിന്നെ അയാൾ ഇവിടെ വിട്ടപ്പോൾ 200 രൂപ ആവശ്യപ്പെട്ടു. പാവപ്പെട്ടവരായ ഞങ്ങൾ അത് എങ്ങനെ കൊടുക്കാനാണ്?” ഒരു രോഗിയുടെ ബന്ധു ചോദിച്ചു.

ആശുപത്രിയുടെ നില വളരെ മോശമാണെന്നും, വൈദ്യുതി വളരെ അപൂർവ്വമായതുകൊണ്ട് ടോർച്ചും, മെഴുകുതിരിയും ഉപയോഗിച്ച് ജോലി ചെയ്യേണ്ടിവരുന്നുവെന്ന് അവിടുത്തെ ജീവനക്കാരും പരാതിപ്പെട്ടു.

പ്രസവക്കേസുകൾ ഗുരുതരമാണെങ്കിൽ മറ്റുള്ള ആശുപത്രികളിലേക്ക് പോകാൻ നിർദ്ദേശിക്കാറുണ്ടെന്നും, വൈദ്യുതി ഉണ്ടെങ്കിൽ പ്രശ്നമില്ല, അല്ലെങ്കിൽ ടോർച്ചും മെഴുകുതിരിയും ഉപയോഗിച്ചാണ് രോഗികളെ നോക്കുന്നതെന്നും ഒരു നഴ്സ് പറഞ്ഞു.

വേറെയും പല പ്രശ്നങ്ങളുണ്ടെന്നും അധികൃതർ അതൊക്കെ അവഗണിക്കുകയാണെന്നും അവർ പറഞ്ഞു.

പോഷകാഹാരം കാരണമുള്ള മരണം ഏറ്റവും കൂടുതൽ നടക്കുന്നത് തന്റെ മണ്ഡലത്തിലാണെന്ന് ചാന്ദ്‌ല എം എൽ എ, ആർ ഡി പ്രജാപതി പറഞ്ഞു.

ഡോക്ടർമാരുടെ കുറവുണ്ടെന്നും, ആവശ്യമുള്ളത്ര ഡോക്ടർമാരെ നിയമിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ ഭാഗത്ത് ജനറേറ്ററോ, വൈദ്യുതിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം തികച്ചും തെറ്റാണെന്നും, പണം ആവശ്യപ്പെട്ട ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

“ഈ ആരോപണങ്ങൾ തികച്ചും തെറ്റാണ്. ഇവിടെ ആവശ്യത്തിനു വൈദ്യുതിയുണ്ട്. വൈദ്യുതിയില്ലാത്ത സമയത്ത് ജനറേറ്ററുകളുണ്ട്. ജീവനക്കാരുടെ എണ്ണം കുറവാണെന്നതും വൈദ്യുതി ഇല്ല എന്നുള്ളതും തെറ്റാണ്. ആംബുലൻസ് ഡ്രൈവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും” ഛത്തർപ്പൂരിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *