കാട്‌മണ്ഡു, നേപ്പാൾ
പശ്ചിം സേതി ഹൈഡ്രോ പവർ പ്രൊജക്ടിലെ നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ച്, ചൈന ത്രീ ഗോർജസ് ഇന്റർനാഷണൽ കോർപ്പറേഷനോട്, വിശദീകരണം ആവശ്യപ്പെടാൻ, നേപ്പാളിന്റെ നാഷണൽ പ്ലാനിംഗ് കമ്മീഷൻ, സർക്കാരിനോട് അഭ്യർത്ഥിച്ചു.
750 MW ഹൈഡ്രോ പവർ പ്ലാന്റിന്റെ നിർമ്മാണത്തിനായി എടുക്കുന്ന സമയത്തെക്കുറിച്ചുള്ള വിശദീകരണം തേടാൻ, നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ ഞായറാഴ്ച തുടങ്ങിയ യോഗത്തിൽ തീരുമാനിച്ചു.
“കമ്പനിയ്ക്ക് ഈ പ്രൊജക്ട് തീർക്കാൻ സാധിക്കുമോയെന്നും കമ്പനി മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകളും ഉപാധികളും എന്തൊക്കെയാണെന്നും, അന്വേഷിക്കാൻ ഞങ്ങൾ സർക്കാരിനോട് നിർദ്ദേശിച്ചു.” നേപ്പാളിന്റെ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ വൈസ് പ്രസിഡന്റ് സ്വർണിം വാഗ്‌ളെ പറഞ്ഞു.
“മൂന്നു മാസത്തെ കാലാവധിയ്ക്കുള്ളിൽ കമ്പനി തരുന്ന മറുപടി അനുസരിച്ച്, ഈ കരാർ റദാക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും” വാഗ്ലെ കൂട്ടിച്ചേർത്തു.
പി പി എ യിലുള്ള അതൃപ്തി കാരണം, ചൈന ത്രീ ഗോർജസ് കമ്പനി, നിർമ്മാണം സാവകാശമാക്കുകയും, പ്രൊജക്ടിൽ നിന്ന് പുറത്തുപോവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
മുമ്പ് തീരുമാനിച്ച പ്രകാരം ഹൈഡ്രോ പവർ പ്രൊജക്ടിനു വേണ്ടി വരുന്ന നിക്ഷേപം 1.65 ബില്യൻ നേപ്പാളി രൂപയാണ്. അതിൽ 65 ശതമാനം സി ടി ജി സി (CTGC) യിൽ നിന്നും, 25% നാഷണൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടേതും ((NEA), 10% അവിടത്തെ ജനങ്ങളുടേയും ഷെയറാണ്.
പദ്ധതി പ്രകാരം കമ്പനിയ്ക്ക് അതിന്റെ 65% ഷെയറിൽ നിന്നും 14% ഷെയർ നേപ്പാളിലെ നിക്ഷേപകർക്ക് വിൽക്കാൻ അധികാരമുണ്ട്. പക്ഷെ വാങ്ങുന്ന വൈദ്യുതിയുടെ യൂണിറ്റിന്റെ നിരക്കിനു മുകളിൽ കമ്പനിയ്ക്ക് അതൃപ്തിയുണ്ട്. മുമ്പ് നാഷണൽ ഇലക്ട്രിസിറ്റി അതോറിറ്റിയോട് നിരക്ക് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൂലമായ പ്രതികരണമാണു ലഭിച്ചത്.
ഈ പദ്ധതി പൂർത്തിയായാൽ 3.33 ബില്യൺ യൂണിറ്റ് വൈദ്യുതി ഒരു വർഷത്തിൽ ഉത്പാദിപ്പിക്കപ്പെടുമെന്ന് ഇതിന്റെ സാദ്ധ്യതാപഠനം തെളിയിച്ചിരുന്നു.
ഡോട്ടി, ദാധേൽധുര, ബൈടാഡി, ബഝംഗ് എന്നി ജില്ലകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.