Sun. Jan 19th, 2025

ന്യൂഡൽഹി

Sheila_Dikshit_Chief_Minister_of_Delhi_India2
മാക്കന്റെ പ്രവർത്തനരീതി കോൺഗ്രസ്സിനു ദോഷം ചെയ്തു; ഷീല ദീക്ഷിത്

ഡൽഹി കോൺഗ്രസ്സ് പ്രസിഡന്റ് അജയ്  മാക്കന്റെ പ്രവർത്തന രീതി, പാർട്ടിയ്ക്ക് വളരെ കോട്ടങ്ങളുണ്ടാക്കിയെന്ന് ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത് പറഞ്ഞു.

ഒരു  രാഷ്ട്രീയപ്പാർട്ടിയുടെ അദ്ധ്യക്ഷൻ, അതിനുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കണമെന്നും, എല്ലാവരുമായി സമ്പർക്കം പുലർത്തണമെന്നും എല്ലാത്തിനെക്കുറിച്ചും അറിയണമെന്നും ഷീല ദീക്ഷിത് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. കാര്യങ്ങൾ ശരിയാക്കണമെന്ന് അജയ്  മാക്കൻ പറഞ്ഞുവെങ്കിൽ അതൊരു നല്ല കാര്യമാണ്. അദ്ദേഹം ഇനി എന്തു ചെയ്യുന്നു എന്നു നോക്കാം. അദ്ദേഹത്തിന്റെ രീതി പാർട്ടിയ്ക്ക് വളരെയധികം ദോഷം ചെയ്തു എന്നും ഷീല ദീക്ഷിത് പറഞ്ഞു.

കോൺഗ്രസ്സിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ബി ജെ പിയിൽ നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഡൽഹിയിലെ മുൻ മന്ത്രിയും, പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമായ അർവീന്ദർ സിംഗ് ലവ്‌ലിയുടെ കോൺഗ്രസ്സിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷീല ദീക്ഷിത് പറഞ്ഞു.

“കോൺഗ്രസ്സ് എന്താണോ അതിന് തികച്ചും എതിരാണ് ബി ജെ പി” അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പി യിൽ ചേർന്ന ലവ്ലി ശനിയാഴ്ച കോൺഗ്രസ്സിലേക്കു തിരിച്ചുവന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *