മുംബൈ
11500 കോടിയുടെ തട്ടിപ്പുനടത്തിയ നീരവ് മോദിയുമായി പങ്കുണ്ടെന്ന് പറഞ്ഞ് ശിവസേന ബി ജെ പിയ്ക്കെതിരെ ആഞ്ഞടിച്ചു.
നരേന്ദ്രമോദിയുടെ ദാവോസ് സന്ദർശനത്തിന്റെ സമയത്ത് അവിടെയുള്ള പരിപാടികളിൽ നീരവ് മോദിയെ കണ്ടതായി ശിവസേനയുടെ പാർട്ടി പത്രമായ സാമ്‌നയിൽ പറയുന്നു.
“നീരവ് മോദി ബി ജെ പി യുടെ പങ്കാളിയാണ്. ബി ജെ പിയെ തെരഞ്ഞെടുപ്പുസമയത്ത് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ കർഷകർ 100രൂപയും 500 രൂപയും ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു. പക്ഷെ ചിലർ വലിയ തുകകളുമായി കടന്നുകളയുന്നു” ലേഖനത്തിൽ പറയുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ രണ്ട് അധികാരികളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
അതേദിവസം തന്നെ പഞ്ചാബ് നാഷണൽ ബാങ്കിലെ എട്ട് ജീവനക്കാരെ സസ്പെൻഡു ചെയ്യുകയും ചെയ്തിരുന്നു.
ഇതോടെ ഇതുവരെ സസ്പെൻഡു ചെയ്യപ്പെട്ടവരുടെ എണ്ണം, ജനറൽ മാനേജർ റാങ്കിലുള്ള ഓഫീസർമാരുൾപ്പെടെ,18 ആയി. ബാങ്കിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
നീരവ് മോദിയും, ബിസിനസ്സ് പങ്കാളിയായ മേഹുൽ ചോക്സിയും ഈ കേസിൽ ഉൾപ്പെടുന്നു. നീരവ് മോദിയുടെ ബ്രാൻഡ് നീരവ് മോദിയും, ചോക്സിയുടേത് ഗീതാഞ്ജലി ജെംസും ആണ്.
നീരവ് മോദിയ്ക്കും, കുടുംബത്തിനും, മേഹുൽ ചോക്സിയ്ക്കും എതിരായി 11400കോടിയുടേയും, 280 കോടിയുടേയും സാമ്പത്തികത്തട്ടിപ്പുകേസുകൾ, പഞ്ചാബ് നാഷണൽ ബാങ്ക് ഫയൽ ചെയ്തിട്ടുണ്ട്.
280 കോടി തട്ടിപ്പുകേസിൽ, നീരവ് മോദി, ഭാര്യ അമി, സഹോദരൻ നിഷാൽ, മേഹുൽ ചോക്സി എന്നിവർക്കെതിരെ ജനുവരി 31 നു സി ബി ഐ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.