റായ്‌പൂർ
ബിസിനസ്സുകാരായ നീരവ് മോദിയും മേഹുൽ ചോക്സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.
ചോക്സിയുടെ ബന്ധുവിന്റെ ഈ ഷോറൂമിൽ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങൾ കണ്ടെടുത്തു.
ഈ കേസുമായിത്തന്നെ ബന്ധപ്പെട്ട് എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ഇന്ത്യയിലെ 21 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു.
25 കോടി വില വരുന്ന വജ്രവും, സ്വർണ്ണവും വിലപിടിപ്പുള്ള മറ്റു കല്ലുകളും പിടിച്ചെടുത്തിരുന്നു.
2.30 കോടിയുടെ വജ്രം ഗീതാഞ്ജലിഗ്രൂപ്പിന്റെ, ഭോപ്പാലിലുള്ള നക്ഷത്ര ജ്വല്ലറിയിൽ നിന്നു പിടിച്ചെടുത്തിരുന്നു.
മുംബൈ, ഡൽഹി, ഗുജറാത്ത് എന്നീ ഇടങ്ങളിൽ നീരവ് മോദിയുമായി ബന്ധമുള്ള പല സ്ഥലങ്ങളിലും തെരച്ചിൽ നടത്തി 5,649 കോടിയുടെ വജ്രം, ആഭരണങ്ങൾ, സ്വർണ്ണം എന്നിവ ഈ സംഘം പിടിച്ചെടുത്തിരുന്നു.
5674 കോടിയുടെ വസ്തുവകകൾ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.
പണം തട്ടിയെടുത്ത കേസിൽ, നീരവ് മോദി, ഭാര്യ അമി, സഹോദരൻ നിഷാൽ, മേഹുൽ ചോക്സി എന്നിവർക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്.
സി ബി ഐ ഒരു എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരുന്നു. അതിന്റെ തുടർ നടപടിയിലാണ് കേസെടുത്തത്.
വിദേശത്തുനിന്നും കടമെടുക്കാൻ വേണ്ടി ജാമ്യം നൽകുന്ന രേഖ ബാങ്കിന്റെ ഒരു ബ്രാഞ്ചിൽ നിന്ന് സംഘടിപ്പിച്ച് നീരവ്മോദി തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷനൽ ബാങ്ക് കണ്ടെത്തിയിരുന്നു.
ഈ തട്ടിപ്പ് തുടങ്ങിയത് 2011 ലാണ്. കണ്ടുപിടിച്ചത് ഈ വർഷം ജനുവരി മൂന്നാം വാരവും. അതിനുശേഷം പഞ്ചാബ് നാഷണൽ ബാങ്കിന്റെ അധികാരികൾ ജനുവരി 31 ന് സി ബി ഐ യിൽ പരാതി നൽകി.