അഡിസ് അബാബ, എത്യോപ്യ
രാജ്യത്തെ രാഷ്ട്രീയ കലാപങ്ങൾക്ക് ശമനം വരുത്താനായി, എത്യോപ്യൻ പ്രധാനമന്ത്രി ഹാലിമറിയം ദെസാലേൻ വ്യാഴാഴ്ച രാജിക്കത്ത് സമർപ്പിച്ചു.
രാജ്യത്ത് സുസ്ഥിരമായ സമാധാനവും ജനാധിപത്യവും കൈവരുത്തിക്കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ എന്റെ രാജി കാരണമാവുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം ടി വി യിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
പ്രതിപക്ഷത്തെ ചില പ്രമുഖ നേതാക്കളടക്കം, നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ സർക്കാർ വിട്ടയച്ചതിനുശേഷമാണ് രാജിപ്രഖ്യാപനം വന്നത്.
2012 മുതൽ സർക്കാരിന്റെ തലപ്പത്തിരുന്ന ദെസാലേൻ, പ്രധാനമന്ത്രി സ്ഥാനവും, ഭരണപ്പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനവും രാജി വെച്ചു.
ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്നെന്നേക്കുമുള്ള ഒരു പ്രതിവിധി നൽകാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ രാജിയെന്ന് അദ്ദേഹം പറഞ്ഞതായി “അൽ ജസീറ” റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എത്യോപ്യ, സാമൂഹ്യ അരക്ഷിതാവസ്ഥ കാരണം പ്രക്ഷുബ്ധമായിരുന്നു.
നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പ്രതിപക്ഷത്തെ പ്രമുഖരടക്കം ആയിരങ്ങൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗമനത്തിനു വേണ്ടി 2015 മുതൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
ഓറോമോ എന്ന എത്നിക് ഗ്രൂപ്പിലെ ആളുകൾ, കഴിഞ്ഞയാഴ്ച എല്ലായിടത്തും ധർണ്ണ സംഘടിപ്പിച്ചിരുന്നു. യുവാക്കൾ തലസ്ഥാനത്തേക്കുള്ള റോഡുകൾ ഉപരോധിക്കുകയും, ടയറുകൾ കത്തിക്കുകയും ചെയ്ത് പൊതുഗതാഗതം തകരാറിലാക്കി.
സർക്കാർ, രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കാൻ സമ്മതിച്ചതിനെത്തുടർന്നാണ് സമരം അവസാനിച്ചത്.
ചിലർ ദെസാലേന്റെ രാജിയെ പരിവർത്തന നിമിഷം എന്നു വിശേഷിപ്പിച്ചു. അഭൂതപൂർവ്വമായ പ്രതിഷേധത്തിന്റെ ഫലമാണെന്ന് പലരും പറഞ്ഞു.