ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഴിമതിക്ക് കുറ്റംചുമത്താനുള്ള ശ്രമത്തിൽ ഇസ്രായേലി പോലീസ് ടാറ്റാ ബിസിനസ് സംഘടനാ മേധാവി രത്തൻ ടാറ്റയുടെ പേര് പരാമർശിച്ചതിനെ തുടർന്ന് എല്ലാ വിധ ഇടപെടൽ ആരോപണങ്ങളും ടാറ്റ നിരസിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രസ്താവിക്കുന്ന ആർനോൺ മിൽചാനുമായുള്ള പങ്കാളിത്തവും വമ്പിച്ച ലാഭങ്ങളുടെ കണക്കുമെല്ലാം വസ്തുതാപരമായി തെറ്റാണെന്നും വേറെ ലക്ഷ്യം വെച്ചുള്ളതുമാണെന്ന് ടാറ്റയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പത്തു ലക്ഷം ശേക്കെൽ കൈക്കൂലിയായി കൈപ്പറ്റിയെന്നതാണ് ആരോപണം.
പ്രധാനമന്തിയ്ക്കെതിരെയുള്ള ആദ്യ ഘട്ട അന്വേഷണം അദ്ദേഹവും കുടുംബവും ഓസ്ട്രേലിയൻ കോടീശ്വരനായ ജെയിംസ് പാക്സർ, ഇസ്രയേലി ഹോളിവുഡ് നിർമ്മാതാവായ ആർനോൺ മിൽചൻ എന്നിവരിൽ നിന്ന് ഷാംപെയ്ൻ, സിഗാർ ഉൾപ്പെടെയുള്ള വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാരുന്നു.
ഇതിനു പകരമായി നെതന്യാഹു, മിൽചന്റെ ബിസിനസിന് ലാഭം വരുന്ന നിയമങ്ങൾ പാസാക്കുകയും, യു.എസ്സിലേക്കുള്ള വിസ ശെരിയാക്കിക്കൊടുക്കയും ചെയ്തു എന്നും കരുതപ്പെടുന്നു.
2009 ഇൽ ജോർദാൻ തീരത്തു നടപ്പാക്കാൻ ഇരുന്ന ‘ടാറ്റ പ്രൊജക്റ്റ്’ എന്ന് പേരുള്ള ലോ വോള്യം ഓട്ടോമോട്ടീവ് അസംബ്ലി പ്ലാന്റിനെ പരാമർശിച്ചു കൊണ്ടുള്ള വാർത്തക്ക് മറുപടിയായിട്ടാണ് ടാറ്റ ഓഫീസിൽനിന്നും നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേൽ-ജോർദാൻ സമാധാന ഉടമ്പടയുടെ ഭാഗമായാണ് 250 മില്യൺ ഡോളർ പദ്ധതി മുന്നോട്ടുവച്ചത്.
ടാറ്റയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇസ്രായേൽ-ജോർദാൻ അതിർത്തിയിൽ സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാക്കിയെടുക്കൽ ആണ് ഹോളിവുഡ് നിർമ്മാതാവായ അർറോൺ മിൽവാൻറെ ഉദ്ദേശ്യലക്ഷ്യം എന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ടാറ്റയുടെ ഭാഗത്തു നിന്നും ഇസ്രയേലി സർക്കാറുമായിട്ടാണ് നടന്നതെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപോലെ അർറോൺ മിൽച്ചനൊപ്പം അല്ലായിരുന്നുവെന്നും, മിൽച്ചനുമായി പങ്കാളിത്തമുണ്ടായിരുന്നില്ലെന്നും ടാറ്റ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
മറുവശത്ത്, പ്രധാനമന്ത്രി നെതന്യാഹുവും സഖ്യകക്ഷികളും പോലീസിന്റെ അന്വേഷണത്തെ തള്ളിപ്പറയുകയും ചെയ്തു.
ഇസ്രയേൽ അറ്റോർണി ജനറൽ അവായിക്ക് മാൻഡൽബ്ലിറ്റ് ആണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.