വാഷിംഗ്‌ടൺ ഡി സി
ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള പ്രായമായ ആളുകൾക്ക് ആശുപത്രിയിൽ വെച്ച് വീഴ്ച സംഭവിക്കാനിടയുള്ളത് ഒരു ചെറിയ പരീക്ഷണം വഴി കണ്ടുപിടിക്കാമെന്ന് ഒരു ഗവേഷണം പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശരീര ബലം കുറഞ്ഞ ആൾക്കാർ ആശുപത്രിവാസത്തിനിടയ്ക്ക് വീഴാനുള്ള അവസരം കൂടുതലാണെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 807 ആൾക്കാരെക്കുറിച്ച് പഠനം നടത്തിയതിൽ കണ്ടെത്തി. 189 രോഗികളിൽ 329 പ്രാവശ്യം വീഴ്ച സംഭവിച്ചു. 161 പ്രാവശ്യവും മുറിവുകളുണ്ടാക്കുന്ന തരത്തിലാണ് വീണത്. അതിൽ 24 എണ്ണം ഗുതുതരമായിരുന്നു. ബാലൻസ്, നടത്തത്തിന്റെ വേഗത, ശരീരം താങ്ങാനുള്ള ശക്തി എന്നിവയിൽ മോശമായ ശാരീരികക്ഷമതയുള്ളവരിൽ വീഴ്ചകൾ കൂടുതലായി സംഭവിക്കുകയും അത് മുറിവുകൾക്കും ചതവുകൾക്കും കാരണമാവുകയും ചെയ്യുന്നു. പ്രായമായവർക്ക് ആശുപത്രിയിൽ പ്രവേശിക്കുന്ന സമയത്ത് ശരീരബലം പരീക്ഷിക്കാൻ ഒരു ചെറിയ ടെസ്റ്റ് നടത്തിയാൽ ഡോക്ടർമാർക്ക്, രോഗികൾ വീഴുന്നതു തടയാനും അതുമൂലം സംഭവിക്കാവുന്ന മുറിവുകൾ ഒഴിവാക്കാനും സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. ബോൺ ആൻഡ് മിനറൽ റിസർച്ച് ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.