Sun. Jan 19th, 2025

ലാഹോർ, പാക്കിസ്താൻ

Asma_Jahangir
അസ്മാ ജഹാംഗീറിന്റെ മരണത്തിൽ പാക്കിസ്താൻ പീപ്പിൾസ് പാർട്ടി അനുശോചിച്ചു

ഞായറാഴ്ച അന്തരിച്ച, പ്രമുഖ അഭിഭാഷകയും, മനുഷ്യാവകാശപ്രവർത്തകയുമായിരുന്ന, അസ്മാ ജഹാംഗീറിനോടൂള്ള ആദരസൂചകമായി, പാക്കിസ്താൻ പീപ്പിൾസ് പാർട്ടി, പാർട്ടി നടപടികൾ നിർത്തിവെക്കുകയും പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.

അവർക്ക് 66 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. ഭർത്താവ്, രണ്ടു പെണ്മക്കൾ, ഒരു ആൺകുട്ടി എന്നിവരുണ്ട്. പാക്കിസ്താനിലെ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യകാല അംഗമായിരുന്നു.

പാക്കിസ്താനിലെ സൈനിക ഭരണകൂടത്തിനോട് അവർക്ക് എതിർപ്പായിരുന്നു. അവരുടെ പ്രവർത്തനങ്ങളും, തുറന്ന സമീപനവും കാരണം അവർ പലപ്പോഴും വീട്ടുതടങ്കലിലായിരുന്നു. കാർഗിൽ യുദ്ധത്തിനിടയ്ക്ക് സമാധാനശ്രമം നടത്തിയതിന് അവർ ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവർത്തി നടത്തുകയാണെന്ന് ആരോപണം വന്നിരുന്നു. അതേ സമയം തന്നെ ഇന്ത്യൻ പട്ടാളം കാശ്മീരിൽ മനുഷ്യാവകാശലംഘനം നടത്തുന്നതിനെ അവർ ശക്തമായി വിമർശിച്ചിരുന്നു.

സുപ്രീം കോടതി ബാർ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ വനിത അവരായിരുന്നു. പൊതുപ്രവർത്തനം നടത്തുന്നതുകാരണം, അവർക്ക് വളരെയധികം ഭീഷണികൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. സുപ്രീം കോടതിയിലെ ഏക സീനിയർ വനിതാ അഭിഭാഷക ആയിരുന്ന അവർ, ഉയർന്ന പദവി ഉണ്ടായിട്ടും പലതിനെതിരെയും വിമർശനാത്മകമായ നിലപാടുകൾ എടുത്തു. അവർ അഴിമതിയ്ക്ക് എതിരായിരുന്നു.

അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഒരു ശബ്ദം ആയിരുന്നു അവരെന്ന് ബലോച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി അബ്ദുൾ നാസർ ബുഗ്തി പറഞ്ഞു.

ഹിലാൽ – ഐ- ഇം‌തിയാസ്, സിതാര – ഐ- ഇംതിയാസ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2010 ൽ ഫ്രീഡം പുരസ്കാരം, 2014ൽ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് , യുനെസ്കോ നൽകുന്ന പുരസ്കാരം, ഫ്രാൻസ് നൽകുന്ന Officier de la Legion d’honneur പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *