ന്യൂഡൽഹി
തന്റെ നേതൃത്വത്തിൽ ചേരാനിരുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി മീറ്റിംഗ് റദ്ദാക്കിയതിൽ, ശശി തരൂർ, സ്പീക്കർ സുമിത്ര മഹാജനെതിരെ ആഞ്ഞടിച്ചു.
ഡോൿലാമിൽ ചൈനയുടെ സൈനിക മേധാവിത്തം സംബന്ധിച്ച കേസിലെ നാലു പ്രധാന സാക്ഷികളെ വിസ്തരിക്കാനുദ്ദേശിച്ച് സംഘടിപ്പിച്ച യോഗമാണ് സുമിത്ര മഹാജൻ റദ്ദു ചെയ്തത്.
സ്പീക്കർക്ക് അവരുടേതായ നിയമങ്ങളുണ്ടെന്നും പക്ഷെ, വേറെയും പല യോഗങ്ങളും അതേ സമയത്തുതന്നെ ഉള്ളതിൽ തങ്ങളുടെ യോഗം മാത്രമാണ് നിർത്തിവയ്ക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
ഒരു മുൻ പട്ടാളമേധാവി, ഒരു മുൻ വിദേശകാര്യ സെക്രട്ടറി, ഒരു മുൻ അംബാസഡർ, ഒരു സൈബർ വിദഗ്ദ്ധൻ എന്നിവരെ ചോദ്യം ചെയ്യാനായിരുന്നു ഫെബ്രുവരി 9 നു മീറ്റിംഗ് വെച്ചിരുന്നത്.
“ഒരു ചെറിയ സമയത്തിനുള്ളിൽ യോഗതീരുമാനം അറിയിച്ചതിൽ പല അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബജറ്റ് ചർച്ചയും, ധനമന്ത്രി അരുൺ ജയറ്റ്ലിയുടെ പ്രസംഗവും അന്നേയ്ക്ക് തീരുമാനിച്ചിരുന്നു”. ഇതൊക്കെയാണ് യോഗം റദ്ദാക്കാനുള്ള തീരുമാനം എടുക്കാൻ കാരണമെന്ന് ലോൿസഭാ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.