ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദിനുള്ള സ്ഥലം വിൽക്കാനോ, ദാനം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് ഓൾ ഇന്ത്യാ മുസ്ലീം പേഴ്സനൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓൾ ഇന്ത്യാ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ ചീഫ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബാബ്‌റി മസ്‌ജിദ്- രാമജന്മഭൂമി തർക്കത്തിൽ ഒരു പരിഹാരം കണ്ടെത്താൻ ഓൽ ഇന്ത്യാ മുസ്ലീം പേഴ്സനൽ ലോ ബോർഡ് വർക്കിംഗ് കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഓവൈസി ഇങ്ങനെ പ്രതികരിച്ചത്.
ഡിസംബർ 1990 ലും, ജനുവരി 1993ലും ബോർഡ് എടുത്ത തീരുമാനം ആവർത്തിച്ചു പറയുന്നുവെന്നും ബാബ്‌റി മസ്‌ജിദിന്റെ സ്ഥലം വിൽക്കാനോ ദാനം ചെയ്യാനോ, അന്യാധീനപ്പെടുത്താനോ പാടില്ലാത്തതാണെന്നതിൽ ഉറച്ചുനിൽക്കുന്നെന്നുമാണ് ഓവൈസി പറഞ്ഞത്. ഒരിക്കൽ സമർപ്പിച്ചുകഴിഞ്ഞാൽ അത് അള്ളാഹുവിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തർക്കം തീർക്കാൻ, വിട്ടുകൊടുക്കുകയെന്നല്ലാതെ ഇതുവരെ വേറെ ഒരു പ്രൊപ്പോസലും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്കത്തിൽ, യാതൊരു വിധത്തിലുള്ള ഒത്തുതീർപ്പും ഇല്ലെന്നും അങ്ങനെ ഉണ്ടായാൽ അത് ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഇല്ല. ഈ കേസിൽ സുപ്രീം കോടതിയുടെ വിധി മാത്രമേ ബോർഡ് ഇനി സ്വീകരിക്കുകയുള്ളൂ. ഒരു ചർച്ചയിലൂടെയുള്ള തർക്കപരിഹാരത്തിനു ശ്രമിക്കണമെന്ന് സുപ്രീം കോടതി ഏപ്രിലിൽ നിർദ്ദേശിച്ചപ്പോഴേ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ നിലപാട് അതുതന്നെയാണ്.” എന്ന് എ ഐ എം പി ബി (AIMPB) സെക്രട്ടറിയും വക്താവുമായ സഫർ യാബ് ജിലാനി പറഞ്ഞു
ചില രേഖകളും പരിഭാഷകളും ഉന്നതനീതിപീഠത്തിനുമുന്നിൽ സമർപ്പിക്കാൻ ഇനിയും ബാക്കിയുള്ളതുകൊണ്ട് മൂന്നു ജഡ്ജിമാരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഫെബ്രുവരി 8 നു ഈ കേസിന്റെ അവസാനവാദം കേൾക്കുന്നത് മാർച്ച് 14 ലേക്കു വെച്ചിരുന്നു.