ദൌസ, രാജസ്ഥാൻ

മരണപ്പെട്ടുവെന്ന് വ്യാജരേഖകൾ സമർപ്പിച്ച്, ജീവിച്ചിരിക്കുന്ന ഒരാളുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഒരു ഗവണ്മെന്റ് ഡോക്ടറും, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമടക്കം ആറുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റു ചെയ്തു.
ഈ പോളിസിയുടെ നോമിനികളായ ദമ്പതികളും ഈ കേസിൽ പിടിയിലായിട്ടുണ്ട്. കൃത്യത്തിൽ ഒരു പങ്കു വഹിച്ചെന്നാണ് അവരുടെ പേരിലും ചുമത്തിയ കുറ്റം.
“ഈ സംഘത്തിന്റെ മുഴുവൻ വിവരങ്ങളും കണ്ടെത്താനായിട്ട് ഞങ്ങൾ ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ഇവർ കൂടുതൽ ഇൻഷുറൻസ് തട്ടിപ്പുകേസുകളിലും പങ്കാളികളായിരിക്കും.” അഡീഷനൽ ഡി ജി പി ഉമേശ് മിശ്ര പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 10നു ദൌസ എന്ന സ്ഥലത്തുള്ള കോത്‌വാലി പൊലീസ് സ്റ്റേഷനിലും വ്യാജ ഇൻഷുറൻസ് അവകാശത്തിന്റെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് രാംഗഡ് പഛ്‌വാരാ സ്റ്റേഷനിലും ഇതേപോലുള്ള ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഈ രണ്ടു കേസുകളും അന്വേഷണത്തിനായി, രാജസ്ഥാൻ പൊലീസ് മേധാവി, പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറുകയാണുണ്ടായത്.
എസ് പി കരൺ ശർമ്മയുടെ നേതൃത്വത്തിലുള്ള പൊലീസ്, ഡി ഐ ജി സഞ്ജയ് ശോത്രിയയുടെ കീഴിൽ അന്വേഷണം നടത്തുന്നു.
ഇൻഷുറൻസ് കമ്പനിയിലെ ഒരു അധികാരി വിവരങ്ങൾ ശേഖരിക്കാൻ ദൌസയ്ക്കു വന്നപ്പോഴാണ് മരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്ന് കണ്ടത്. കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.