Sun. Jan 19th, 2025

ന്യൂഡൽഹി

 

harsimrat_feb0917

1984 ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ ജഗദീശ് ടൈറ്റ്‌ലറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ ബാദലും ശിരോമണി അകാലി ദൾ നേതാവ് നരേഷ് ഗുജ്‌റാളും കേന്ദ്ര അഭ്യന്തരമന്ത്രിയെ കണ്ടു. ഈ സംഭവത്തിൽ ഒരു അന്വേഷണം നടത്തണമെന്ന് രണ്ടുപേരും ആഭ്യന്ത്രമന്ത്രിയോട് ആവശ്യപ്പെട്ടു.

1984 ൽ നടന്ന കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ടൈറ്റ്ലർ പറയുന്നത് ഒരു വീഡിയോയിൽ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി സ്ഥിതിവിവരങ്ങൾ ആരായുകയും കൂട്ടക്കൊല തടയാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും ടൈറ്റ്ലർ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചതിനു ശേഷമാണ് ഈ കൂട്ടക്കൊല തുടങ്ങിയത്.

ഈ കേസന്വേഷിക്കുന്നതിലുള്ള കാലതാമസത്തിൽ ആശങ്കപ്പെടുന്നതായി ഹർസിമ്രത് കൌർ ആഭ്യന്തരമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. സിഖ് കൂട്ടക്കൊലയെക്കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ ഞങ്ങൾക്ക് ഞെട്ടലും ദുഃഖവും ഉണ്ടാക്കിയെന്നും ജഗദീശ് ടൈറ്റ്ലറിനെതിരായി നടപടിയെടുക്കണമെന്നും പറഞ്ഞു. ഈ കൊലയ്ക്ക് പദ്ധതിയിടുകയും നടപ്പിലാക്കുകയും ചെയ്ത ആൾ വിവരങ്ങൾ സ്വയം വെളിപ്പെടുത്തി ദിവസങ്ങളായിട്ടും അന്വേഷണ ഏജൻസികൾ ഒരു നടപടിയ്ക്കും മുതിരുന്നില്ലെന്നും കത്തിലുണ്ട്.

1984 ലെ കൊലകളിൽ ജഗദീശ് ടൈറ്റ്ലർ തന്റെ പങ്ക് തെളിച്ചു പറയുന്ന ഒരു സി ഡി തന്റെ പക്കലുണ്ടെന്ന് അകാലിദൾ നേതാവ് മഞ്ജിത് സിംഗ് ജി കെ അവകാശപ്പെട്ടിരുന്നു. എല്ലാ തെളിവുകളും സി ബി ഐ യ്ക്കു നൽകുന്നുവെന്നും സി ബി ഐ ജഗദീശ് ടൈറ്റ്ലറെ ഉടനെ അറസ്റ്റു ചെയ്യണമെന്നും അകാലിദൾ നേതാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *