ബറേലി, ഉത്തർ പ്രദേശ്
ആധാർ കാർഡ് ഇല്ലാത്തതിനാൽ, ആനുകൂല്യങ്ങളും, പെൻഷനും നിഷേധിക്കുന്നതായി ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ പരാതി പറഞ്ഞു.
വിരലുകളിലെ ചുളിവുകൾ കാരണം അവരുടെ വിരലടയാളം മെഷീനിൽ പതിയുന്നില്ലെന്ന് അവരിലൊരാൾ പറഞ്ഞു. “എന്തെങ്കിലും സഹായം ലഭിച്ചിരുന്നെങ്കിൽ നന്നായേനെ. എനിക്ക് ആധാർ കാർഡ് ഇല്ലാത്തതുകൊണ്ട് പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. എന്റെ കൈയിൽ ആനുകൂല്യം ലഭിക്കാനായി കൊടുക്കേണ്ടുന്ന രേഖകൾ ഒന്നുമില്ല. എന്റെ വിരലടയാളം യന്ത്രത്തിൽ പതിയുന്നില്ല. എനിക്കു പെൻഷൻ കിട്ടുന്നില്ല” വീർവതി പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള, 60 നും 79നും ഇടയിലുള്ളവർക്ക് മാസത്തിൽ 400 രൂപയും, 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും കിട്ടാനുള്ള അർഹതയുണ്ട്. തിരിച്ചറിയൽ രേഖകളില്ലാത്ത ഒരുപാടുപേരുണ്ടെന്ന് ബറേലിയിലെ സാമൂഹിക വികസന ഓഫീസർ അശോക് ദീക്ഷിത് പറഞ്ഞു. ഓൺലൈനിലൂടെ പെൻഷനു അപേക്ഷിച്ചാൽ ആധാർ നമ്പർ ആവശ്യപ്പെടുമെന്നും, ആധാർ ഉണ്ടെങ്കിൽ താമസവും ഭക്ഷണവും ഇത്തരക്കാർക്കു സൌജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാലേ ആധാർ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.
2007 ൽ മാതാപിതാക്കളുടേയും, വൃദ്ധരുടേയും ക്ഷേമത്തിനും ചെലവിനും ഉണ്ടാക്കിയ ആക്റ്റ് അനുസരിച്ചുള്ള എല്ലാ സൌകര്യങ്ങളും നടപ്പിലാക്കുന്നുണ്ടെന്നും, വാർദ്ധക്യകാല പെൻഷൻ നൽകുന്നുണ്ടെന്നും, വൃദ്ധജനങ്ങൾക്കു വേണ്ടി പലവിധ ക്ഷേമപദ്ധതികളും ചെയ്യുന്നുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ, ഈയിടെ, സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രസ്താവിച്ചിരുന്നു.