Thu. Dec 19th, 2024

Sachin_Tendulkarjan2_NAmnRYA
കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് അസോസിയേഷനും അംഗീകാരം നൽകണമെന്ന് സച്ചിൻ

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡിന് അംഗീകാരം നൽകുന്നത് പരിഗണിക്കാനും, അതിലെ കളിക്കാരെ ബി സി സി ഐയുടെ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താനും, ഭാരതീയ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനോട് ഇന്ത്യൻ ക്രിക്കറ്റുകാരനും, എം പി യുമായ സച്ചിൻ തെണ്ടുൽക്കർ അഭ്യർത്ഥിച്ചു.

ഷാർജയിൽ നടന്ന കളിയിൽ, ഇന്ത്യൻ ടീം, പാക്കിസ്താനെ തോൽപ്പിച്ച് രണ്ടാമതും ബ്ലൈൻഡ് ക്രിക്കറ്റ് വേൾഡ് കപ്പ് സ്വന്തമാക്കി ഏതാനും  ദിവസങ്ങൾക്കുള്ളിലാണ്  സച്ചിൻ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

“തുടർച്ചയായി നാലാം തവണയും ബ്ലൈൻഡ് വേൾഡ് കപ്പിൽ ഇന്ത്യൻ ടീം വിജയം നേടിയത് ആഘോഷിക്കുമ്പോൾ, ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനും അംഗീകാരം നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു” എന്ന് സച്ചിൻ തെണ്ടുൽക്കർ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അദ്ധ്യക്ഷൻ വിനോദ് റായിക്ക് അയച്ച കത്തിൽ പറയുന്നു.

അവരുടെ ദീർഘകാലസാമ്പത്തിക സുരക്ഷയ്ക്കായി അവരെ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തണമെന്നും സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. അംഗീകാരത്തിനു വേണ്ടിയുള്ള വളരെക്കാലമായിട്ടുള്ള അപേക്ഷ പരിഗണിക്കേണ്ട സമയമാണിതെന്നും കത്തിൽ പറയുന്നു. അവരുടെ വിജയത്തിൽ നിന്ന് എല്ലാവരും പ്രചോദനം ഉൾക്കൊള്ളണമെന്നും സച്ചിൻ പറഞ്ഞു.

പല തടസ്സങ്ങളും അതിജീവിച്ച്, നമ്മുടെ രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടി അവർ ഒരേ മനസ്സോടെ ഉന്നം വെച്ചു. അവരുടെ വിജയം പ്രചോദനപരമാണെന്നും മനുഷ്യമനസ്സിന്റെ അപാരശക്തിയാണ് അതു തെളിയിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. മുമ്പും ബി സി സി ഐ ഈ കളിക്കാർക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും ഇപ്പോഴും അത്തരമൊരു പിന്തുണ നൽകുന്നത് പരിഗണിക്കേണ്ടതാണെന്നും സച്ചിൻ തെണ്ടുൽക്കർ കത്തിൽ പറഞ്ഞു.

മുമ്പ് സ്പോർട്‌സ് മന്ത്രാലയത്തിനോടും അംഗീകാരം നൽകാൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ആവശ്യമുന്നയിച്ചിരുന്നു. “യു എ ഇ യിലേക്കു പോകുന്നതിനുമുമ്പ് ഒന്നു വന്നു കാണാനോ ആശംസകൾ പറയാനോ ഉള്ള സാമാന്യമര്യാദ പോലും കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് കാണിച്ചില്ല” ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് പ്രസിഡന്റ്, മഹാന്തേഷ് ജി. കെ പറഞ്ഞു.

കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് ടീം 1998 ലാണ് രൂപീകരിച്ചത്. ഇപ്പോൾ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ആണ് അവരെ നയിക്കുന്നത്. 2012ൽ ആദ്യത്തെ ട്വന്റി ട്വന്റി ബ്ലൈൻഡ് വേൾഡ് കപ്പും, കേപ് ടൌണിൽ നടന്ന കളിയിൽ ആദ്യത്തെ വൺ ഡേ ഇന്റർനാഷനലും അവർ സ്വന്തമാക്കിയിരുന്നു. ബ്ലൈൻഡ് ക്രിക്കറ്റിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പും അവർക്കു ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *