ന്യൂഡൽഹി
വല്ലഭ്ഭായ് പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ ഇന്ത്യയുടേതാവുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക സഭയിൽ പറഞ്ഞു.
രാജ്യം വിഭജിക്കപ്പെട്ടതിൽ കോൺഗ്രസ്സിനെ കുറ്റപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി. “ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി വല്ലഭ്ഭായ് പട്ടേൽ ആയിരുന്നുവെങ്കിൽ കാശ്മീർ മുഴുവനും നമ്മുടേതാവുമായിരുന്നു.”
തന്റെ മുഴുവൻ രാഷ്ട്രീയജീവിതത്തിലും വല്ലഭ്ഭായ് പട്ടേൽ ഒരു കോൺഗ്രസ്സുകാരൻ ആയിരുന്നുവെങ്കിലും, ആർ എസ് എസ്സും, ബി ജെ പി യും അദ്ദേഹത്തിനു മുകളിൽ എപ്പോഴും അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ഭരണകാലത്ത് ഉപ പ്രധാനമന്ത്രി ആയിരുന്നു വല്ലഭ്ഭായ് പട്ടേൽ. അദ്ദേഹം ആർ എസ് എസ്സുമായി യോജിപ്പിലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു പറഞ്ഞിരുന്നു. വല്ലഭ്ഭായ് പട്ടേൽ, മഹാത്മാഗാന്ധിയുടെ കൊലയിലുള്ള ആർ എസ് എസ്സിന്റെ പങ്കു കാരണം ആർ എസ് എസ്സിനെ നിരോധിക്കുക കൂടെ ചെയ്തിരുന്നു.
“രാജ്യം നിങ്ങൾക്ക് പിന്തുണ തന്നിട്ടുകൂടി, നിങ്ങൾ രാജ്യത്തെ വിഭജിച്ചു. പ്രതിപക്ഷത്തിന് ഒരു അധികാരവും ഇല്ലാതിരുന്ന സമയത്താണ് നിങ്ങൾ രാജ്യം ഭരിച്ചത്.” പട്ടേലും കൂടെ ഒരു ഭാഗമായിരുന്ന കോൺഗ്രസ്സ് ഭരണത്തെക്കുറിച്ചാണ് മോദി പറഞ്ഞത്.
“വർഷങ്ങളോളം ഒരു പാർട്ടി(കോൺഗ്രസ്സ്) അവരുടെ എല്ലാ ആവേശവും ഒരു കുടുംബത്തെ മാത്രം സേവിക്കുന്നതിനുവേണ്ടി ചെലവാക്കി. ഒരു കുടുംബത്തെ മാത്രം മുഴുവൻ രാജ്യവും ഓർമ്മിക്കാൻ വേണ്ടി മുഴുവൻ ശക്തിയും ചെലവാക്കി. ഉദ്ദേശ്യം ശുദ്ധമായിരുന്നുവെങ്കിൽ, ഇപ്പോൾ ഈ രാജ്യം എവിടെ നിൽക്കുന്നുവോ, അതിന്റെ എത്രയോ മുന്നിലായേനെ” പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം തുടർച്ചയായി മുദ്രാവാക്യം ഉയർത്തുന്നതിനിടയിലും പ്രധാനമന്ത്രി പ്രസംഗം തുടർന്നു.