ജയ്‌പൂർ, രാജസ്ഥാൻ
പത്തൊമ്പതാം നൂറ്റാണ്ടിൽ, വടക്കേ ഇന്ത്യയിലെ ഝാൻസിയിൽ, രാജ്ഞിയായിരുന്ന, റാണി ലക്ഷ്മിബായ് ആയി, പ്രമുഖ നടി കങ്കണ റാണാവത് വേഷമിടുന്ന മണികർണ്ണിക എന്ന സിനിമയ്ക്കു നേരെ സർവ്വ ബ്രാഹ്മിൻ മഹാസഭ എന്ന സംഘത്തിന്റെ ഭീഷണി.
റാണി ലക്ഷ്മിബായിയെ മോശമായി ചിത്രീകരിക്കുന്നതിനാൽ സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തുമെന്നാണ് സർവ്വ ബ്രാഹ്മിൻ സഭ രാജസ്ഥാനിൽ ഭീഷണി മുഴക്കിയത്. റാണി ലക്ഷ്മീബായ് ബ്രാഹ്മണകുടുംബത്തിലേതാണ്. അവരെക്കുറിച്ചുള്ള ഒരു ചിത്രം അനുവദിക്കില്ലെന്നു പറഞ്ഞാണ് എതിർപ്പ്.
ഈ ചിത്രത്തിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്, നിർമ്മാതാവായ കമൽ ജെയ്‌നിന് സർവ്വ ബ്രാഹ്മിൻ സഭ ഒരു കത്തെഴുതിയിട്ടുണ്ട്.
ഈ ചിത്രം ജയശ്രീ മിശ്ര എഴുതിയ ചരിത്രകഥയായ റാണി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു പറയപ്പെടുന്നു. ഇതിൽ റാണി ലക്ഷ്മീ ബായിയും ബ്രിട്ടീഷ് ഓഫീസർ റോബർട്ട് എല്ലിസ്സും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പരാമർശമുണ്ട്. 2008 ഫെബ്രുവരിയിൽ, മായാവതിയുടെ സർക്കാർ ഈ പുസ്തകം നിരോധിച്ചിരുന്നു.
“ഈ പുസ്തകം ഉത്തർപ്രദേശിൽ വിലക്കിയതാണെന്നിരിക്കെ, സിനിമാക്കാർ എന്തിനാണ് ഒരു വിലക്കപ്പെട്ട പുസ്തകത്തിലെ കഥയുമായി സിനിമ നിർമ്മിക്കാനൊരുങ്ങുന്നത്? നിർമ്മാതാവിന് ഞങ്ങൾ ജനുവരി 9 നു ഒരു കത്തയച്ചിരുന്നു. ഒരു മാസത്തോളമായിട്ടും ഒരു മറുപടിയും കിട്ടിയില്ല” സർവ്വ ബ്രാഹ്മിൻ സഭയിലെ മിശ്ര പറഞ്ഞു.
ഒരു ഇന്ത്യൻ രാജ്ഞിയ്ക്ക്, ഒരു ഇംഗ്ലീഷുകാരനുമായുള്ള ബന്ധത്തെക്കുറിച്ച് ചിത്രീകരിക്കുന്നതിലാണ് ബ്രാഹ്മിൻ സഭയ്ക്ക് ആശങ്ക. “ഈ ചിത്രം രാജസ്ഥാനിൽ ചിത്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇതിലെ ചില സീനുകൾ, ഒരു പാട്ടടക്കം, റാണി, ഇംഗ്ലീഷുകാരനുമായി പ്രേമത്തിലായിരുന്നു എന്നു കാണിക്കുന്നതാണ്.” സർവ്വ ബ്രാഹ്മിൻ സഭയുടെ ആദ്യത്തെ പ്രസിഡന്റായ സുരേഷ് മിശ്ര പറഞ്ഞു.
പദ്മാവത് എന്ന ചിത്രത്തിനെതിരെ രജപുത്രസമുദായക്കാർ നടത്തിയ സമരത്തെ സർവ്വ ബ്രാഹ്മിൻ സഭ പിന്തുണച്ചിരുന്നു. കർണിസേനയുടെ നേതൃത്വത്തിൽ പദ്മാവത് സിനിമയുടെ റിലീസിനെച്ചൊല്ലി, വളരെയധികം പ്രതിഷേധങ്ങൾ നടന്നിരുന്നു.