2013ലെ ഐ പി എല്ലുമായി ബന്ധപ്പെട്ടുള്ള കേസിലെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റർ എസ്. ശ്രീശാന്ത് നൽകിയ ഹരജിയിന്മേൽ ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനോട് സുപ്രീം കോടതി തിങ്കളാഴ്ച വിശദീകരണം ആവശ്യപ്പെട്ടു. ശ്രീശാന്തിന്റെ ഹരജിയുടെ മറുപടിയ്ക്കായി സുപ്രീംകോടതി ബി. സി. സി. ഐ യ്ക്ക് നാലാഴ്ച സമയം കൊടുത്തു. ബി. സി. സി. ഐ നടത്തുന്ന എല്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാവശ്യപ്പെട്ട, കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ശ്രീശാന്ത്, കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2013 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിയ്ക്കിടെ, രാജസ്ഥാൻ റോയലിനു വേണ്ടി കളിക്കുമ്പോഴാണ്, ഒത്തുകളി നടത്തി എന്നാരോപിച്ച് ബി സി സി ഐ, ശ്രീശാന്തിന് ആജീവനാന്തവിലക്ക് ഏർപ്പെടുത്തിയത്. കേരള ഹൈക്കോടതിയിലെ ഒരു സിംഗിൾ ബെഞ്ച് ആ ഉത്തരവ് റദ്ദു ചെയ്തിരുന്നു. കേരള ഹൈക്കോടതി ആ തീരുമാനം വീണ്ടും മാറ്റി. ബി.സി. സി. ഐ നൽകിയ ഹരജി പരിഗണിച്ച ഹൈക്കോടതി, ശ്രീശാന്തിനെതിരെ നീതിനിഷേധം ഉണ്ടായിട്ടില്ലെന്നു പറഞ്ഞ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അസാധുവാക്കുകയായിരുന്നു.
With inputs from ANI