ന്യൂഡൽഹി, ഇന്ത്യ, ഫെബ്രുവരി 5
ജസ്റ്റിസ് ലോയയ്ക് മരിക്കുന്നതിനുമുമ്പ് ചികിത്സ നൽകിയതായി ഒരു രേഖയും ഇല്ലെന്ന് ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തിലെ കേസിലെ ഹരജിക്കാരന്റെ വക്കീൽ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ലോയയ്ക്ക് ആശുപത്രിയിൽ എന്തു ചികിത്സയാണ് നൽകിയതെന്ന് രേഖകളിലില്ലെന്ന് വക്കീൽ കോടതിയെ അറിയിച്ചു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ഉന്നതനീതിപീഠം ഈ കേസ് ഇനി ഫെബ്രുവരി 9 നു വാദം കേൾക്കും. സി. ബി. ഐ. ജഡ്ജി ആയിരുന്ന ലോയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ഉന്നതനീതിപീഠം ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക രേഖകൾ പ്രകാരം, 2014ൽ, സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിലും സൽക്കാരത്തിലും പങ്കെടുത്തതിന്റെ പിറ്റേന്ന്, ജസ്റ്റിസ് ലോയ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റേത് ഒരു കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. മരണസമയത്ത്, ബി. ജെ. പി. പ്രസിഡന്റ് അമിത് ഷാ അടക്കം പ്രതിചേർക്കപ്പെട്ട സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വാദം കേൾക്കുന്ന ജഡ്ജിയായിരുന്നു ബി എച്ച് ലോയ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചില കേസുകൾ ചില ബെഞ്ചുകളിലേക്ക് കൊടുക്കുന്നുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ കുറച്ചു നാളുകൾ മുമ്പ് പത്രസമ്മേളനം നടത്തിയിരുന്നു. ജസ്റ്റിസ് ലോയ കേസാണ് ഈ പത്രസമ്മേളനത്തിന് ഒരു കാരണമെന്നും അവർ തെളിച്ചുപറഞ്ഞിരുന്നു.