Wed. Jan 22nd, 2025

 

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആകെ മരണം 200 ആയി. ചാലിയാര്‍ പുഴയില്‍ നിന്നും 80 തോളം മൃതദേഹങ്ങള്‍ കണ്ടെത്തി. 94 മൃതദേഹം തിരിച്ചറിഞ്ഞു. ദുരന്തമുഖത്ത് രക്ഷാദൗത്യം ശക്തമാക്കിയിരിക്കുകയാണ്. മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്.

സൈന്യം നിര്‍മിക്കുന്ന താല്‍ക്കാലിക പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയിലി പാലത്തിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നാവികസേനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരില്‍ രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയില്‍നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോള്‍ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്.