Fri. Nov 22nd, 2024

 

ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയായുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ.

ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു.

ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

1989ല്‍ ഇസ്രായേല്‍ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക് നാടു കടത്തി. ഒരു വര്‍ഷത്തിന് ശേഷം ഓസ്ലോ കരാര്‍ വ്യവസ്ഥയനുസരിച്ച് വിട്ടയച്ചു. ഫലസ്തീനിലേക്ക് മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്. 2006ല്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഖത്തറില്‍ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മര്‍സൂക് പ്രതികരിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന് നേരെയാണ് വ്യോമാക്രമണം നടന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് ആക്രമണം. ഹനിയ്യയുടെ മൂന്ന് ആണ്‍മക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്.