Fri. Nov 22nd, 2024

 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്.

അതേസമയം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത 10 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. 10 ആംബുലന്‍സുകള്‍ വീതമുള്ള ബാച്ചുകളായി മൃതദേഹങ്ങള്‍ മുഴുവന്‍ മേപ്പാടിയിലെത്തിക്കും. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനും മറ്റുമുള്ള സൗകര്യങ്ങള്‍ അവിടെയൊരുക്കും.

ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി.മീ വരെ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു.

ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനനിര്‍മിച്ച് അവിടങ്ങളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായും കെഎസ്ഇബി അറിയിച്ചു.

മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏകദേശം മൂന്നര കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 KV) ലൈനുകളും 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

രണ്ടു ട്രാന്‍സ്‌ഫോമറുകള്‍ കാണാതാവുകയും 6 ട്രാന്‍സ്‌ഫോമറുകള്‍ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.