Fri. Nov 22nd, 2024

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ – വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരാനും സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായാണ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യത.