Sun. Dec 22nd, 2024

 

മേപ്പടി: മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. വീട് പൂര്‍ണമായും മണ്ണില്‍ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുദേവന്‍ എന്നയാളുടെ കുടുംബമാണ് മണ്ണിനടിയില്‍പെട്ടിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവുന്നത് യന്ത്രസാമഗ്രികളുടെ കുറവാണ്. ഈ പരിസരത്ത് തന്നെ മണ്ണിനടിയില്‍ ആളുകള്‍ അകപ്പെട്ട് കിടക്കുന്നുണ്ട്. എട്ടു വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട് എന്നാണ് പ്രദേശവാസി പറഞ്ഞത്. സ്‌നിഫര്‍ ഡോഗ് അടക്കമുള്ള സന്നാഹങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് വയനാട്ടിലെത്തും. റിസോര്‍ട്ടുകളില്‍ കൂടുങ്ങിയ ആളുകളെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഒരു പാലം കൂടി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇരുനൂറോളം വീടുകളാണ് മുണ്ടക്കൈയില്‍ റോഡിന് ഇരുവശങ്ങളിലുമായി ഉണ്ടായിരുന്നത്. ഒരു പച്ചപ്പുല്ല് പോലും അവശേഷിക്കാതെ ഉരുള്‍പൊട്ടലില്‍ ഗ്രാമം അപ്പാടെ ഇല്ലാതായി. 150 പേര്‍ മരിച്ചതായാണ് ഒടുവില്‍ വരുന്ന സ്ഥിരീകരണം.