കല്‍പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ ആറു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ഇന്നു പുലര്‍ച്ചെയാണു സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.
അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.