Mon. Dec 23rd, 2024

 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും ചാലിയാര്‍ പുഴയില്‍ നിന്നുമായി 60 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.

തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് മുണ്ടക്കൈ മേഖലയുള്ളത്. കനത്ത നാശനഷ്ടമുണ്ടായ മുണ്ടക്കൈയിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. എന്‍ഡിആര്‍എഫിന്റെ ഒരു സംഘം ഇവിടേക്ക് എത്തിയെന്ന വിവരമുണ്ടെങ്കിലും റോഡ് മാര്‍ഗം ആളുകളെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.

മുണ്ടക്കൈയിലേക്കുള്ള പാലം പൂര്‍ണമായി തകര്‍ന്നതോടെയാണ് റോഡ് മാര്‍ഗം എത്തിച്ചേരുന്നതിന് പ്രധാന വെല്ലുവിളിയായത്. ഏകദേശം 250 ഓളം പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരങ്ങള്‍. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും ഒലിച്ചുപോയെന്നാണ് വിവരം. ഇവിടങ്ങളില്‍ 65 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 35 തൊഴിലാളികളെ കാണാനില്ലെന്നും വിവരങ്ങളുണ്ട്.

വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം യാത്രതിരിച്ചു. കണ്ണൂരില്‍നിന്ന് 150 ഓളം സൈനികരാണ് ഉപകരണങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെട്ടത്. റവന്യൂ വകുപ്പും പോലീസും സൈന്യത്തിന് അകമ്പടിയായുണ്ട്. നേരത്തെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘമാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(എഎസ്ഡി) ആയ കാര്‍ത്തികേയന്‍ ഐഎഎസിനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐഎഎസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്‌പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.