Fri. Nov 22nd, 2024

 

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചാലിയാറില്‍ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹ ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുത്തി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികള്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. പുലര്‍ച്ചെ മുതല്‍ പുഴയോരത്ത് നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. അങ്ങനെയാണ് തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പുഴയിലും പുഴയോട് ചേര്‍ന്നുള്ള വനത്തിലും അഗ്‌നിരക്ഷാസേനയുടെയും എന്‍ഡിആര്‍എഫിന്റെയും പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

പുഴയില്‍ ഒഴുക്കു കൂടുതലായതിനാല്‍ വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ മറുകരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുമുണ്ട്. മൃതദേഹാശിഷ്ടങ്ങള്‍ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ. ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാല്‍ പുഴയില്‍നിന്നും വനത്തില്‍നിന്നും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടാനാണ് സാധ്യതയെന്നും നാട്ടുകാര്‍ പറയുന്നു.

മേപ്പാടിക്കടുത്ത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.