Mon. Dec 23rd, 2024

 

മേപ്പാടി: ഉരുള്‍പൊട്ടിയ മുണ്ടക്കൈ പ്രദേശത്ത് മദ്രസയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് പ്രദേശവാസിയും രക്ഷാപ്രവര്‍ത്തകനുമായ മനാഫ്. കുഞ്ഞുങ്ങള്‍ അടക്കം പ്രായമായവര്‍ വരെ മദ്രസയില്‍ സഹായത്തിനായി കാത്തുനില്‍ക്കുകയാണെന്ന് മനാഫ് പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് ആളുകളെ മറുകരയില്‍ എത്തിക്കുക അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് മനാഫ് പറയുന്നു.

തകര്‍ന്ന വീടുകള്‍ക്ക് അടിയിലും ചളിയിലും ആയി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയില്ലെങ്കില്‍ ആളുകള്‍ മരണപ്പെട്ടു പോകാന്‍ സാധ്യതയുണ്ടെന്നും മനാഫ് പറഞ്ഞു. മദ്രസയില്‍ വെള്ളവും ഭക്ഷണവും ഇല്ലെന്നും മനാഫ് പറഞ്ഞു.

എന്‍ഡിഎഫ്ആര്‍, ഫയര്‍ഫോഴ്‌സ് സംഘം പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നാണ് പറയുന്നവര്‍. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് എയര്‍ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം എത്രയും പെട്ടെന്ന് തുടങ്ങണമെന്നും മനാഫ് പറഞ്ഞു.