Mon. Dec 23rd, 2024
Union Sports Minister Mansukh Mandavya reveals 2 crore spent on Manu Bhaker's training

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒപ്പം താരത്തിനായി ചെലവഴിച്ച തുകയും അദ്ദേഹം വെളിപ്പെടുത്തി.

”മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചെലവഴിച്ചത്. പരിശീലനത്തിനായി അവരെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അയച്ചു. അവര്‍ക്ക് ആവശ്യമുള്ള പരിശീലകനെ നിയമിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കി. എല്ലാ കായികതാരങ്ങള്‍ക്കും ഞങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നു. അതുവഴി അവര്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പാരീസ് ഒളിമ്പിക്സിലും നമ്മുടെ അത്ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

പാരിസ് ഒളിമ്പിക്സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടം കൂടി താരം സ്വന്തമാക്കി. നേരത്തെ ഒളിംപിക്‌സ് ചരിത്രത്തില്‍ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിട്ടുള്ളത്.