Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും പിടിയില്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപകടത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ധനന്‍ അറിയിച്ചു. കനത്ത മഴയില്‍ ഡല്‍ഹിയിലെ റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയാണ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് ആരോപണമുയര്‍ന്നത്.

ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. പത്ത് മിനിറ്റിനുള്ളില്‍ ബേസ്മെന്റില്‍ വെള്ളം നിറഞ്ഞു എന്നാണ് ബേസ്മെന്റില്‍നിന്ന് എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചവരില്‍ ഒരാളെന്ന് അവകാശപ്പെടുന്ന ഹൃദേശ് ചൗഹാന്‍ പറഞ്ഞത്.

‘ഭയാനകമായ സംഭവത്തിന്റെ അതിജീവിതരില്‍ ഒരാളാണ് ഞാന്‍. പത്ത് മിനിറ്റിനുള്ളില്‍ ബേസ്മെന്റില്‍ വെള്ളം നിറഞ്ഞു. അപ്പോള്‍ 6.40 ആയിരുന്നു സമയം. ഞങ്ങള്‍ പോലീസിനേയും ദേശീയ ദുരന്തനിവാരണ അതോറിറ്റിയേയും ബന്ധപ്പെട്ടു. എന്നാല്‍ അവര്‍ എത്തിയത് ഒമ്പതുമണിക്ക് മാത്രമാണ്. ഈ സമയത്തിനുള്ളില്‍ ഞങ്ങളുടെ മൂന്ന് സഹപാഠികളുടെ ജീവന്‍ നഷ്ടമായിരുന്നു. മൂന്നുപേര്‍ ആശുപത്രിയിലാണ്, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.’, ഹൃദേശ് എക്സില്‍ കുറിച്ചു.

അതേസമയം, കോച്ചിങ് സെന്ററിന് മുന്നില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടക്കുകയാണ്.