Thu. Sep 19th, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണെന്ന് രാഹുല്‍ പറഞ്ഞു.

‘ഡല്‍ഹിയിലെ കെട്ടിടത്തിലെ ബേസ്‌മെന്റില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. ഏതാനും ദിവസം മുമ്പ് മഴയത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചിരുന്നു. മണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഹൃദയാംഗമമായ അനുശോചനം.

സുരക്ഷിതത്വമില്ലാത്ത നിര്‍മാണത്തിനും മോശം നഗരാസൂത്രണത്തിനും എല്ലാ തലത്തിലുമുള്ള അധികൃതരുടെ അലംഭാവത്തിനും സാധാരണക്കാരാണ് വില നല്‍കേണ്ടി വരുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാറുകളുടെ ഉത്തരവാദിത്തവുമാണ്.’, രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളിയടക്കം മൂന്നുപേരാണ് മരിച്ചത്. എറണാകുളം അങ്കമാലി സ്വദേശി നവീന്‍ ഡാല്‍വിന്‍ (28), യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25)എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍.

സംഭവത്തില്‍ കോച്ചിങ് സെന്റര്‍ ഉടമയെയും കോ ഓഡിനേറ്ററെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മരിച്ച വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണം, എഫ്‌ഐആറിന്റെ കോപ്പി പുറത്തു വിടണം, കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വെക്കുന്നത്.

വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ഇന്നലെ പെയ്ത കനത്ത മഴയില്‍ രാത്രി ഏഴു മണിയോടെയാണ് ഡല്‍ഹി ഓള്‍ഡ് രാജീന്ദ്ര നഗറിലേ റാവു സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറിയത്. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലായിരുന്നു വെള്ളം കയറിയത്.

മരണപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് പുറത്തേക്ക് ഇറങ്ങാനായി. ശക്തമായി വെള്ളം അകത്തേക്ക് എത്തിയത്തോടെയാണ് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

അതേ സമയം, ബേസ്‌മെന്റില്‍ വാഹന പാര്‍ക്കിങ്ങിനും സാധനങ്ങള്‍ സൂക്ഷിക്കാനും മാത്രമേ അനുമതിയുള്ളതെന്ന് ഡല്‍ഹി മേയര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഡല്‍ഹി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിട്ടു.