Mon. Dec 23rd, 2024

 

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ അധ്യാപിക ക്ലാസ് മുറിയില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ക്ലാസ് മുറിയിലെ തറയില്‍ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികക്ക് വീശിക്കൊടുക്കാന്‍ കുട്ടികളെയും നിര്‍ത്തിയിട്ടുണ്ട്.

അലിഗഡിലെ ധനിപൂര്‍ ബ്ലോക്കിലെ ഗോകുല്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവം നടന്നത് സര്‍ക്കാര്‍ സ്‌കൂളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡിയോ പകര്‍ത്തിയത് ആരെന്ന് വ്യക്തമല്ലെങ്കിലും സ്‌കൂളിലെ അധ്യാപകര്‍ തന്നെയാവാം എന്നാണ് പ്രാഥമിക നിഗമനം.

വിദ്യാഭ്യാസ മന്ത്രി സന്ദീപ് കുമാര്‍ സിങ് താമസിക്കുന്ന പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. മന്ത്രി ഉള്‍പ്പെടുന്ന സ്ഥലത്ത് സര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

നല്ല വിദ്യാഭ്യാസം കിട്ടാനും പഠിക്കാനുമാണ് കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതെന്നും സ്‌കൂളില്‍ നടക്കുന്നത് ശരിയായ പ്രവണത അല്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അധ്യാപികയ്ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.