Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം അന്ത്യ അത്താഴത്തെ അനുസ്മരിച്ച് പാരീസ് ഒളിമ്പിക്‌സില്‍ അവതരിപ്പിച്ച സ്‌കിറ്റ് മതനിന്ദയെന്ന് ബിജെപി എംപി കങ്കണ റാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അവസാന അത്താഴത്തെ മോശമായി ചിത്രീകരിക്കുന്ന സ്‌കിറ്റില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയതിലൂടെ പാരീസ് ഒളിമ്പിക്‌സ് വിവാദത്തിലായിരിക്കുകയാണെന്ന് കങ്കണ ആരോപിച്ചു. നഗ്‌നനായ ഒരാളെ നീല പെയിന്റടിച്ച് ജീസസായി അവതരിപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷക്കാര്‍ ഈ ഒളിമ്പിക്‌സിനെ പൂര്‍ണമായും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കങ്കണ റാവത്ത് ആരോപിച്ചു.

താന്‍ സ്വവര്‍ഗ ലൈംഗികതക്ക് എതിരല്ലെന്നും എന്നാല്‍, പാരീസില്‍ കണ്ടത് അതിനപ്പുറത്തുള്ളതാണെന്നും ഒളിമ്പിക്‌സിലെ ഗെയിമുകളിലെ പങ്കാളിത്തത്തിന് ലിംഗവുമായി ബന്ധമൊന്നുമില്ലെന്നും കങ്കണ പറഞ്ഞു. എന്തുകൊണ്ടാണ് ലൈംഗികതയെ നമുക്ക് കിടപ്പുമുറിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാവാത്തതെന്നും അവര്‍ ചോദിച്ചു.

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ പാരഡിയാക്കി കൊണ്ടുള്ള പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ സ്‌കിറ്റ് വിവാദമായിരുന്നു. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സ്‌കിറ്റിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 18 പേര്‍ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതാണ് സ്‌കിറ്റിലുള്ളത്. ഇതില്‍ പങ്കെടുത്തവരുടെ വേഷമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്.